ന്യൂദല്‍ഹി: അലിഗഢ് സര്‍വകലാശാലയിലെ അഴിമതിയുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ പി.കെ.അബ്ദുള്‍ അസീസിനെതിരെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. അബ്ദുള്‍ അസീസിന്റെ കാലയളവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സി.എ.ജി ഓഡിറ്റ് നടത്തണമെന്നാണ് നിര്‍ദേശം.

വൈസ് ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്ത് അബ്ദുള്‍ അസീസ് സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്ന ആരോപണങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് 2009ല്‍ മുന്‍ ജഡ്ജിമാരടങ്ങുന്ന രണ്ടംഗസമിതി ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ആരോപണങ്ങള്‍ സമിതിയും ശരിവെച്ചതോടെ് അസീസിനെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കാത്തതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും അബ്ദുള്‍ അസീസിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. അബ്ദുള്‍ അസീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എം.പി.മാരുടെ സംഘവും രാഷ്ട്രപതിക്ക് പരാതി നല്‍കിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ മുന്‍ വൈസ് ചാന്‍സലര്‍ കൂടിയാണ് മലയാളിയായ അബ്ദുള്‍ അസീസ്.