എന്തെങ്കിലും ഒരു സവിശേഷ കാരണമുണ്ടെങ്കില്‍ മാത്രമാണ് ദേശീയ ഏജന്‍സി രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിയ്ക്കുക. ടി.പി കേസില്‍ വിചാരണ നടക്കുകയും കുറ്റപത്രം സമര്‍പ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍  ദേശീയ ഏജന്‍സി അന്വേഷിയ്‌ക്കേണ്ട പ്രധാന്യം കേസിനില്ലെന്നാണ് സി.ബി.ഐ നല്‍കുന്ന വിശദീകരണം.


tp-chandra-sekaran

ന്യൂദല്‍ഹി: ടി.പി വധഗൂഢാലോചന അന്വേഷിയ്ക്കില്ലെന്ന് സി.ബി.ഐ. ദേശീയ ഏജന്‍സി  ഏറ്റെടുക്കേണ്ട പ്രധാന്യം ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇല്ലെന്നാണ്  സി.ബി.ഐ വക്താവ് കാഞ്ചന്‍ പ്രസാദ് അറിയിച്ചത്. എന്തെങ്കിലും ഒരു സവിശേഷ കാരണമുണ്ടെങ്കില്‍ മാത്രമാണ് ദേശീയ ഏജന്‍സി രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിയ്ക്കുക. ടി.പി കേസില്‍ വിചാരണ നടക്കുകയും കുറ്റപത്രം സമര്‍പ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍  ദേശീയ ഏജന്‍സി അന്വേഷിയ്‌ക്കേണ്ട പ്രധാന്യം കേസിനില്ലെന്നാണ് സി.ബി.ഐ നല്‍കുന്ന വിശദീകരണം.

ഇക്കാര്യം സി.ബി.ഐ പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോടതി ആവശ്യപ്പെടുകയാണെങ്കില്‍ സി.ബി.ഐയ്ക്ക്് അന്വേഷണം നടത്തേണ്ടതായി വരും. ദേശീയ ഏജന്‍സി അന്വേഷിയ്‌ക്കേണ്ട സാഹചര്യം കേസിനുണ്ടെന്ന് കോടതിയില്‍ സ്ഥാപിയ്ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കോടതി ഇത്തരമൊരു ഉത്തരവിടുകയുള്ളു.

അതേ സമയം സി.ബി.ഐയുടെ തീരുമാനം പ്രയാസമുണ്ടാക്കുന്നതാണെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ പറഞ്ഞു. സി.ബി.ഐ അന്വേഷണിന് വേണ്ടി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളില്‍ സംശയമുണ്ടെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ മാസം25നാണ് ടി.പി ചന്ദ്രശഖരന്‍ വധഗൂഢാലോചനക്കേസില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറി നല്‍കിയ നിയമോപദേശത്തിന്റെയും ഡി.ജിപിയുടെ റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

അതിനിടെ നിലിവില്‍ ടി.പി വധഗൂഢാലോചനയില്‍ എടച്ചേരി പേലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം പ്രസക്തമാണോ എന്നാണ് പേഴ്‌സണല്‍ മന്ത്രാലയം സി.ബി.ഐയോട് അഭിപ്രായമാരാഞ്ഞിരുന്നു.

കേസില്‍ പ്രത്യേക കോടതിവിധി വന്നിട്ടും കേസില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്ന സര്‍ക്കാര്‍ നിലപാട് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണമുന്നയിച്ച പരാതി പേഴ്‌സണല്‍ മന്ത്രാലയത്തിന് ലഭിച്ചിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പേഴ്‌സണല്‍ മന്ത്രാലയം സി.ബി.ഐയോട് അഭിപ്രായമാരാഞ്ഞത്.

ടി.പി വധക്കേസില്‍ ശിക്ഷിയ്ക്കപ്പെട്ട പ്രതികളുടെ ജയിലിനകത്തെ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം  രാഷ്ട്രീയ ഗൂഢാലോചനയുടെ സൂചന നല്‍കുന്നതായിരുന്നു. കോഫെ പോസ കേസിലെ പ്രതി ഫയാസുമായി മോഹനന്‍ മാസറ്റര്‍ അടക്കം കൊലയാളി സംഘത്തിലുള്ളവര്‍ക്കുള്ള ബന്ധം ജയിലിനകത്തെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാണിച്ചായിരുന്നു സി.ബി.ഐ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിരുന്നത്.