ന്യൂദല്‍ഹി: സ്‌പെക്ട്രം കേസിലെ കുറ്റപത്രം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. കുറ്റപത്രം നേരത്തേ പറഞ്ഞതനുസരിച്ച് ഏപ്രില്‍ രണ്ടിന് പ്രത്യേക വിചാരണകോടതിയിലായിരിക്കും സമര്‍പ്പിക്കുകയെന്നും സി.ബി.ഐ അറിയിച്ചു.

കുറ്റപത്രം സുപ്രീംകോടതിയില്‍ ഹാജരാക്കിയാല്‍ പ്രതികള്‍ക്കെതിരേ പക്ഷപാതപരമായി നിലപാടെടുത്തു എന്ന് വ്യാഖ്യാനിക്കപ്പെടാമെന്നാണ് ഇതിന് കാരണമായി സി.ബി.ഐ പറയുന്നത്. കേസിലെ കുറ്റപത്രം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്ന് സി.ബി.ഐയ്ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

അതിനിടെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സി.ബി.ഐയുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും സംയുക്തസംഘം മൗറീഷ്യസ് സന്ദര്‍ശിക്കും. സിംഗപ്പൂര്‍, മൗറീഷ്യസ്, സൈപ്രസ് എന്നീ രാഷ്ട്രങ്ങള്‍ വഴിയാണ് ഇടപാട് നടന്നതെന്നും സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.