ന്യൂദല്‍ഹി: ടെട്ര ട്രക്ക് അഴിമതിക്കേസില്‍ വെക്ട്ര ഗ്രൂപ്പ് ഉടമസ്ഥന്‍ രവി ഋഷിയ്‌ക്കെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇദ്ദേഹം രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. രവി ഋഷിയുടെ പാസ്‌പോര്‍ട്ടും അന്വേഷണ ഏജന്‍സ് പിടിച്ചെടുത്തിട്ടുണ്ട്.

കരസേന വാങ്ങിയ ടെട്ര ട്രക്കുകള്‍ നിര്‍മ്മിക്കുന്ന ടാട്ര കമ്പനിയില്‍ മുഖ്യ ഓഹരി പങ്കാളിത്തമുള്ള ബ്രിട്ടീഷ് കമ്പനി വെക്ട്രയുടെ ചെയര്‍മാനാണ് 57 കാരനായ രവി ഋഷി. എഫ്.ഐ.ആറില്‍ പ്രതിചേര്‍ത്തിട്ടുള്ള ഇയാളെ സി.ബി.ഐ ഇതിനകം രണ്ടുതവണ ചോദ്യം ചെയ്തു. പ്രതിരോധ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ രവി ഋഷി ദല്‍ഹിയില്‍ എത്തിയിരുന്നു.

അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സഹായവും സി.ബി.ഐ. തേടിയേക്കും. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ടെട്ര ട്രക്കുകള്‍ വിറ്റത് ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് വഴിയാണെന്നും ട്രക്കുകള്‍ക്ക് നിലവാരമില്ലെന്ന കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും രവി ഋഷി പറഞ്ഞിരുന്നു.

കരസേനയ്ക്ക് ട്രക്കുകള്‍ നല്‍കിയതില്‍ ക്രമക്കേടും കൈക്കൂലി വാഗ്ദാനവുമുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ.സിങ് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഉത്തരവിട്ടത്. കേസെടുത്തശേഷം സി.ബി.ഐ. ഇതുവരെ രണ്ടുതവണ രവി ഋഷിയെ ചോദ്യം ചെയ്തുകഴിഞ്ഞു. ലഫ്. ജനറലായിരുന്ന തേജീന്ദര്‍സിങ് ട്രക്കുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് തനിക്ക് 14 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു കരസേനാമേധാവിയുടെ ആരോപണം. ഇതിനെതിരെ തേജീന്ദര്‍ സിങ് മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.