എഡിറ്റര്‍
എഡിറ്റര്‍
ആയുധ അഴിമതി: അന്വേഷണം സ്റ്റീല്‍ ഫോര്‍ജിങ്‌സ്-ഐ.എസ്.ആര്‍.ഒ കരാറിലേക്കും
എഡിറ്റര്‍
Thursday 31st January 2013 12:00pm

കൊച്ചി: ആയുധ സാമഗ്രി അഴിമതിക്കേസിലെ സി.ബി.ഐ അന്വേഷണം സ്റ്റീല്‍ ഫോര്‍ജിങ്‌സ്-ഐ.എസ്.ആര്‍.ഒ കരാറിലേക്കും വ്യാപിക്കുന്നു. കേസില്‍ ഉള്‍പ്പെട്ട ഷാനവാസ് എം.ഡിയായിരുന്ന കാലത്ത് ഒപ്പിട്ട കരാറാണ് സി.ബി.ഐ അന്വേഷിക്കുന്നത്.

Ads By Google

സ്റ്റീല്‍ ഫോര്‍ജിങ്‌സും ഐ.എസ്.ആര്‍.ഒയുമായുള്ള കാരാറിന് ഇടനിലക്കാരനെ നിയമിച്ച് കൊണ്ടുള്ള ഷാനവാസിന്റെ ഉത്തരവ് പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഈ കരാറിനെ കുറിച്ചും സി.ബി.ഐ അന്വേഷിക്കുന്നത്.

രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കരാറിന് നിയമവിരുദ്ധമായി ഇടനിലക്കാരനെ നിയമിച്ചതും ഈ ഇടനിലക്കാരനോട് ഷാനവാസ് കമ്മീഷന്റെ പകുതി ആവശ്യപ്പെട്ടതുമാണ് സി.ബി.ഐ അന്വേഷിക്കുന്നത്.

തന്നോട് ഷാനവാസ് കമ്മീഷന്റെ പങ്ക് ആവശ്യപ്പെട്ടതായി ഇടനിലക്കാരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം. ഇടനിലക്കാരനായ മനോജ്.എസ്.നായക്കിന് ഒരു ശതമാനം കമ്മീഷനാണ് സ്റ്റീല്‍ ഫോര്‍ജിങ്‌സ് എം.ഡിയായിരുന്ന ഷാനവാസ് ഒപ്പിട്ട ഉത്തരവില്‍ നിശ്ചയിച്ചിരുന്നത്.

കരാര്‍ പുതുക്കിയപ്പോള്‍ കമ്മീഷന്‍ ഒന്നര ശതമാനമായി ഉയര്‍ത്തി. ഈ ഇനത്തില്‍ ഏതാണ് രണ്ട് ലക്ഷത്തോളം രൂപ മനോജിന് ലഭിച്ചതായാണ് അറിയുന്നത്. ഇതിന്റെ പകുതി ആവശ്യപ്പെട്ട് ഷാനവാസ് തന്നെ ഭീഷണിപ്പെടുത്തിയതായി അഡീഷണല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തിന് പരാതി നല്‍കിയിരുന്നു.

ഈ രേഖകള്‍ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. സ്റ്റീല്‍ ഫോര്‍ജിങ്ങും ഐ.എസ്.ആര്‍.ഒയുമായുള്ള ഏതൊക്കെ കരാറുകളിലാണ് ക്രമക്കേടുകള്‍ നടന്നതെന്നാണ് സി.ബി.ഐ അന്വേഷിക്കുന്നത്.

സ്റ്റീല്‍ഫോര്‍ജിങ്‌സിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന മനോജ് സ്ഥാപനത്തില്‍ നിന്ന് രാജിവെച്ചപ്പോള്‍ ഐ.എസ്.ആര്‍.ഒയില്‍ നിന്നുള്ള കരാറുകള്‍ കുറഞ്ഞെന്നും ഇത് തടയാനാണ് അയാളെ ഇടനിലക്കാരനാക്കി വീണ്ടും കൊണ്ടുവന്നതെന്നുമാണ് ഷാനവാസ് സി.ബി.ഐയ്ക്ക് നല്‍കിയ വിശദീകരണം.

Advertisement