തിരുവനന്തപുരം:  തിരുവനന്തപുരത്തെ സ്‌റ്റേറ്റ് ഡേറ്റാ സെന്ററിന്റെ നടത്തിപ്പിനുള്ള കരാര്‍ റിലയന്‍സ് കമ്യൂണിക്കേഷനു കൈമാറിയത് സി.ബി.ഐ അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വി.എസ് അച്യുതാനന്ദനും കല്ലട സുകുമാരന്റെ മകനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയിരുന്ന മോഹന്‍ സുകുമാരനെയും എതിര്‍കക്ഷികളാക്കിയാണ്  പി.സി ജോര്‍ജ്ജ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

2005 മുതല്‍ സ്‌റ്റേറ്റ് ഡേറ്റ സെന്ററിന്റെ നടത്തിപ്പു ചുമതല സിഡാക്,ടി.സി.എസിനായിരുന്നു. 2008 ഏപ്രില്‍ 28നു ചുമതല ഏല്‍പ്പിക്കാന്‍ അര്‍ഹരായവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. 2009ല്‍ ഈ ടെന്‍ഡര്‍ നടപടി റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ പ്രപോസല്‍ ക്ഷണിച്ചു. അവസാന തീയതി നിശ്ചയിച്ചതു 2009 ഓഗസ്റ്റ് 12 ആയിരുന്നെങ്കിലും റിലയന്‍സിന്റെ സൗകര്യം മാനിച്ച് അന്നത്തെ മുഖ്യമന്ത്രി വിഎസിന്റെ നിര്‍ദ്ദേശപ്രകാരം തീയതി നീട്ടിയെന്നും ഇടപാടില്‍ ടി. ജി. നന്ദകുമാറിനു പങ്കുണ്ടെന്നുമാണ് ആക്ഷേപം.

വിഎസ്, നന്ദകുമാര്‍ എന്നിവര്‍ക്കു പുറമെ സംസ്ഥാന ഐടി മിഷന്‍ ഡയറക്ടറായിരുന്ന രത്തന്‍ ഖേല്‍ക്കര്‍, മുന്‍ ഐടി സെക്രട്ടറി അജയകുമാര്‍, ഐടി മിഷന്‍ മാനേജര്‍ മോഹന്‍ സുകുമാരന്‍ തുടങ്ങിയവരുടെ പങ്കും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യമുണ്ട്.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഡേറ്റാ സെന്ററുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ നടന്നത്. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്ന ഡേറ്റാ സെന്റര്‍ സ്വകാര്യ കുത്തകയ്ക്കു നല്‍കുന്നത് അപകടകരമാണെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നും പൊലീസ് ഇന്റലിജന്‍സ് വിഭാഗം നേരിട്ട് അറിയിച്ചിട്ടും അത് അവഗണിച്ചാണ് കൈമാറ്റം നടത്തിയത്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005ല്‍ ആരംഭിച്ചതാണ് ഡേറ്റാ സെന്റര്‍. തിരുവനന്തപുരത്ത കോ ബാങ്ക് ടവറില്‍ 5000 ചതുരശ്രഅടിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സെന്റര്‍ തുടങ്ങിയത്. പൊതുമേഖലാ ഉടമസ്ഥതയില്‍ തുടങ്ങിയ രാജ്യത്തെ ആദ്യത്തെ ഡേറ്റാ സെന്ററാണിത്.

ദേശീയശ്രദ്ധ ആകര്‍ഷിച്ച സെന്ററിന്റെ നടത്തിപ്പ് ചുമതല മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിനായിരുന്നു നല്‍കിയിരുന്നത്. ഈ കാലാവധി കഴിഞ്ഞപ്പോള്‍, പിന്നീട് അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ ഡേറ്റാ സെന്റര്‍ നിഗൂഢമായി റിലയന്‍സിന് കൈമാറുകയായിരുന്നു.

Malayalam News

Kerala News In English