എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധഗൂഢാലോചന അന്വേഷണം ഏറ്റെടുക്കില്ലെന്ന് സി.ബി.ഐ നേരത്തെ അറിയിച്ചിരുന്നു: രമേശ് ചെന്നിത്തല
എഡിറ്റര്‍
Monday 31st March 2014 4:31pm

ramesh-chennithala

തിരുവനന്തപുരം: ടി.പി വധഗൂഢാലോചന അന്വേഷണം  ഏറ്റടുക്കില്ലെന്ന് സി.ബി.ഐ നേരത്തെ അറിയിച്ചിരുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തീരുമാനം പുനപരിശോധിയ്ക്കണമെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് കത്ത് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.

ടി.പി വധക്കേസ് സി.ബി.ഐ അന്വേഷിക്കാന്‍ പര്യാപ്തമായ കേസാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. സി.ബി.ഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്നും സുധീരന്‍ പറഞ്ഞു.

എന്നാല്‍ ടി.പി വധത്തിലെ ഗൂഢാലോചന അന്വേഷിക്കാനാകില്ലെന്ന സി.ബി.ഐയുടെ നിലപാട് പ്രയാസമുണ്ടാക്കുന്ന വാര്‍ത്തയാണെന്ന് ആര്‍.എം.പി നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിനായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളില്‍ സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണം എന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും മരണം വരെ ഇതിനായി പോരാടുമെന്നും അവര്‍ അറിയിച്ചു. കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ആര്‍.എം.പി നേതാവ് എന്‍ വേണു പറഞ്ഞു.

ടിപി വധത്തിലെ ഗൂഢാലോചനക്കേസ് ഇപ്പോള്‍ ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് സി.ബി.ഐ വക്താവ് കാഞ്ചന്‍ പ്രസാദ് അറിയിച്ചു.  സംസ്ഥാന പൊലീസ് അന്വേഷിച്ച കേസ് ദേശീയ ഏജന്‍സി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നതാണ് സി.ബി.ഐയുടെ നിലപാട്. ഇക്കാര്യം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ സി.ബി.ഐ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം ഉടന്‍ കേരള സര്‍ക്കാരിനെ അറിയിയ്ക്കുമെന്നും സി.ബി.ഐ വക്താവ് പറഞ്ഞു.

Advertisement