ന്യൂദല്‍ഹി: അഴിമതിയാരോപണങ്ങള്‍ നേരിടുന്ന സുരേഷ് കല്‍മാഡിയെ വീണ്ടുംവെട്ടിലാക്കി സി.ബി.ഐ ബ്ലാക്ക്‌മെയില്‍ കത്ത് കണ്ടെത്തി. കല്‍മാഡിയുടെ വസതിയില്‍ നടത്തിയ തിരിച്ചിലിനിടെയാണ് നിര്‍ണായക കത്ത് സി ബി ഐക്ക് ലഭിച്ചത്.

കല്‍മാഡിക്കെതിരേ ചില നിര്‍ണായക വിവരങ്ങള്‍ സി ഡി കൈമാറാന്‍ നാലുകോടി രൂപാ ആവശ്യപ്പെട്ടുള്ള കത്താണ് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. കല്‍മാഡിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന കത്താണിതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

എന്നാല്‍ സി ഡി യില്‍ എന്തെല്ലാമാണ് പറയുന്നതെന്ന് സി ബി ഐ വെളിപ്പെടുത്തിയിട്ടില്ല. കത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് നടപടിയെടുക്കാനാണ് സി ബി ഐ നീക്കം.

അതിനിടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സില്‍ സുരേഷ് കല്‍മാഡിക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.