എഡിറ്റര്‍
എഡിറ്റര്‍
മന്‍മോഹനെതിരായ കല്‍ക്കരി അഴിമതി സി.ബി.ഐ അന്വേഷിക്കും
എഡിറ്റര്‍
Friday 1st June 2012 11:12am

ന്യൂദല്‍ഹി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെതിരായ കല്‍ക്കരി അഴിമതി സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ സി.ബി.ഐ തീരുമാനം. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് സി.ബി.ഐ നടപടി. ആഗസ്റ്റ് പകുതിയോടെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സി.വി.സിയുടെ നിര്‍ദേശം.

2006 നവംബര്‍ മുതല്‍ 2009 മെയ് വരെ കല്‍ക്കരി വകുപ്പിന്റെ ചുമതല മന്‍മോഹന്‍ സിംഗിനായിരുന്നു. ഈ കാലത്ത് സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയതില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്നാണ് മന്‍മോഹന്‍സിംഗിനെതിരായ ആരോപണം. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹസാരെ സംഘം രംഗത്തുവന്നിരുന്നു. ഹസാരെ സംഘം ഉയര്‍ത്തിയ ആരോപണങ്ങളുടെ വെളിച്ചത്തില്‍ ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്കര്‍ സി.വി.സിയ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സി.വി.സി അന്വേഷണത്തിന്റെ ഉത്തരവിട്ടത്.

‘  സി.വി.സിയുടെ ഭാഗത്തുനിന്നുളള ശരിയായ നീക്കമാണിത്. അന്വേഷണത്തിന് ചുമതല സി.ബി.ഐയെ ഏല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണത്തിന് ശേഷം ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന കാര്യം വെളിച്ചത്തുവരും’ വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കല്‍ക്കരി ബ്ലോക്കുകള്‍ ആവശ്യമായിരുന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ഖനി അനുവദിച്ചതു സംബന്ധിച്ച് ഒരു വിശദീകരണക്കുറിപ്പും പ്രധാനമന്ത്രിയുടെ ഓഫീസ് കല്‍ക്കരി മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്.

തനിക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Malayalam news

Kerala news in English

Advertisement