ന്യൂദല്‍ഹി: നക്‌സല്‍ വര്‍ഗിസ് വധക്കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഐ.ജി ലക്ഷ്മണയുടെ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് സി.ബി.ഐ. ലക്ഷ്മണയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സി.ബി.ഐ സുപ്രീംകോടതിയെ ഇക്കാര്യമറിയിച്ചത്. ലക്ഷ്മണയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

ഇതിനെത്തുടര്‍ന്ന് ലക്ഷ്മണയുടെ വൈദ്യപരിശോധനയ്ക്കായി സുപ്രീംകോടതി പുതിയ സമിതിയെ നിയോഗിച്ചു. സി.ബി.ഐയുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും. പുതിയ സമിതിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷമെ ലക്ഷ്മണയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുകയുള്ളൂ. പരിശോധനാ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മണ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.