പാലക്കാട്: പാലക്കാട് കുന്നത്തൂര്‍മേട്ടിലെ മേഘാ ലോട്ടറി ഡിസ്ട്രീബ്യൂട്ടേഴ്‌സിലെ ആസൂത്രിത തീപ്പിടുത്തെക്കുറിച്ചുള്ള നുണപരിശോധനയിലെ മൊഴികളില്‍ വൈരുദ്ധ്യമില്ലെന്ന് സി.ബി.ഐ. സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധു കെന്നഡിയുടെ ഉടമസ്ഥതയിലുള്ള ഡിസ്ട്രീബ്യൂട്ടേഴ്‌സിലെ ആസൂത്രിത തീപിടിത്തെക്കുറിച്ചുളള അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരില്‍ നടത്തിയ നുണപരിശോധനയുടെ ഫലമാണ് സി.ബി.ഐ വിശകലനം ചെയതത്.

സംഭവദിവസം ഡി.ടി.പി ഓപ്പറേറ്റര്‍ ഓഫീസില്‍ തങ്ങിയതില്‍ ദുരൂഹതയില്ലെന്നും സിബിഐ കണ്ടെത്തി. തീപിടിത്തത്തില്‍ അട്ടിമറി ഉണ്ടോ എന്ന് ഉറപ്പിക്കാന്‍ നുണപരിശോധനാഫലം കൊണ്ടും സാധിക്കാത്തതിനാല്‍ തെളിവിനായി മറ്റു മാര്‍ഗങ്ങള്‍ തേടാനും സി.ബി.ഐ തീരുമാനിച്ചു.

മേഘയിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തമിഴ്‌നാട് സ്വദേശി കപില്‍, സംഭവ ദിവസം ജോലിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ പാലക്കാട് മന്തക്കാട് സ്വദേശി ചന്ദ്രശേഖരന്‍ എന്നിവരെയാണു നുണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസമാണ് സി.ബി.ഐക്ക് ലഭിച്ചത്.

2010 സെപ്തംബര്‍ 12നു പുലര്‍ച്ചെയാണ് മേഘയുടെ ഓഫിസില്‍ തീപിടിത്തമുണ്ടായത്.