ന്യൂദല്‍ഹി: ടാറ്റാ ടെലിസര്‍വ്വീസിന് ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് സി.ബി.ഐ. വ്യക്തമാക്കി. ഇതോടെ ടാറ്റാ ടെലിസര്‍വ്വീസിന്റെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഓഹരികളുടെ വിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി.

കുറഞ്ഞവിലയ്ക്ക് ലൈസന്‍സ് ലഭിക്കാന്‍ ടാറ്റാ ശ്രമിച്ചിരുന്നുവെന്നും അതിന് നീരാ റാഡിയയുടെ പിന്തുണ ഉണ്ടായിരുന്നുവെന്നുമായിരുന്നു ആരോപണം. ഇതേതുടര്‍ന്ന് ടാറ്റ ടെലിസര്‍വ്വീസിന് എന്തെങ്കിലും ആനുകൂല്യം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ധര്‍മ്മേന്ദ്ര പാണ്ഡേയാണ് ഹരജി സമര്‍പ്പിച്ചത്.

ആരോപണങ്ങള്‍ ഗൗരവമായി പരിശോധിച്ചെന്നും ടാറ്റാ ഗ്രൂപ്പിന് ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുകള്‍ കണ്ടെത്താനായില്ലെന്നും സി.ബി.ഐ വ്യക്തമാക്കുകയായിരുന്നു.