എഡിറ്റര്‍
എഡിറ്റര്‍
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: മോഡിക്ക് ബന്ധമെന്ന് സി.ബി.ഐ
എഡിറ്റര്‍
Thursday 27th June 2013 4:36pm

modi-sad

ഗുജറാത്ത്: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ബന്ധമെന്ന് സി.ബി.ഐ.
Ads By Google

പോലീസ് ഉദ്യോഗസ്ഥനായ ഡി.ഐ.ജി വന്‍സാലെ മോഡിയുമായി സംഭവം നടക്കുന്നതിന്റെ പതിനാല് മണിക്കൂര്‍ മുന്‍പ് ബന്ധപ്പെട്ടിരുന്നതായും സി.ബി.ഐ വ്യക്തമാക്കി.

ഇതിന് പുറമെ അമിത്ഷായുമായും വന്‍സാലെ ബന്ധപ്പെട്ടതിന്റെ  തെളിവ് സി.ബി.ഐയ്ക്ക് ലഭിച്ചു.

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ രാജേന്ദ്ര കുമാറിന് പങ്കുണ്ടെന്ന് നേരത്തെ സി.ബി.ഐ വെളിപ്പെടുത്തിയിരുന്നു.

ഇസ്രത് ജഹാനൊപ്പം കൊല്ലപ്പെട്ട ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ളയ്ക്ക് ഐ.ബിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തി.

ഈ ബന്ധം ഉപയോഗിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാജേന്ദ്ര കുമാര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദേശ പ്രകാരമാണ് പൂനെയില്‍ നിന്ന് പ്രാണേഷ് പിള്ള നാസിക്കില്‍ എത്തിയത്.

തന്റെ വാഹനത്തിന്റെ വിവരങ്ങളും പ്രാണേഷ് പിള്ള രാജേന്ദ്ര കുമാറിന് നല്‍കിയിരുന്നു.  ഈ വിവരങ്ങള്‍ രാജേന്ദ്ര കുമാര്‍ ഗുജറാത്ത് പോലീസിന് കൈമാറുകയായിരുന്നുവെന്നും  സിബിഐ വൃത്തങ്ങള്‍ പറയുന്നു.

വ്യാജ ഏറ്റുമുട്ടലില്‍ പത്തൊമ്പതുകാരി ഇസ്രത് ജഹാന്‍ കൊല്ലപ്പെട്ടെന്ന കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസ് ഓഫീസര്‍ ജി.എല്‍. സിംഗാളിനെ നേരത്തെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ജഹാന്റെ മാതാവിന്റെ പരാതിയെത്തുടര്‍ന്നു ഗുജറാത്ത് ഹെക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഈ ഏറ്റുമുട്ടല്‍ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു.

2004 ജൂണ്‍ 15നാണ് ഇസ്രത്ത് ജഹാനും പ്രാണേഷ് പിള്ളയുമടക്കം നാല് പേരെ ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമട്ടലില്‍ കൊലചെയ്യുന്നത്. അംജദ് അലി അക്ബറലി റാണ, ജിഷന്‍ ജോഹര്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍.

നരേന്ദ്ര മോഡിയെ കൊല്ലാന്‍ എത്തിയ തീവ്രവാദ സംഘം എന്നായിരുന്നു പോലീസ് ഇവരെ വിശേഷിപ്പിച്ചത്.  പ്രാണേഷ് പിള്ള ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് പോലീസിനൊപ്പം മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ പോലീസിനും പങ്കുള്ളതായി സി.ബി.ഐ നേരത്തേ കണ്ടെത്തിയിരുന്നു.

Advertisement