എഡിറ്റര്‍
എഡിറ്റര്‍
‘ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ’: രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശം വിവാദത്തിലേക്ക്
എഡിറ്റര്‍
Wednesday 13th November 2013 9:38am

renjith sinha

ന്യൂദല്‍ഹി: രാജ്യത്തെ വാതുവെപ്പ് നിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നത് ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന് പറയുന്നത് പോലെയാണെന്ന സി.ബി.ഐ ഡയരക്ടര്‍ രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശം വിവാദമാകുന്നു.

ഇന്ത്യയിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയില്‍ രാജ്യത്തെ കായികമേഖലയിലെ വാതുവെപ്പ് നിയമപരമാക്കുന്നതിനെ പിന്തുണച്ച് സംസാരിക്കവെയാണ് രഞ്ജിത് സിന്‍ഹ വിവാദ പരാമര്‍ശം നടത്തിയത്.

നമ്മുടെ സംസ്ഥാനത്ത് നമുക്ക് ലോട്ടറി ലഭ്യമാകും. ഹോളിഡേ റിസോര്‍ട്ടുകളില്‍ ചൂതാട്ട കേന്ദ്രം ലഭിക്കും.

സംസ്ഥാനങ്ങളില്‍ ലോട്ടറികള്‍ക്കും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചൂതാട്ടത്തിനും നിയമപരമായി പ്രവര്‍ത്തിക്കാമെങ്കില്‍ വാതുവെപ്പ് നിയമപരമാക്കുന്നതില്‍ തെറ്റില്ലെന്നും സി.ബി.ഐ ഡയറക്ടര്‍ പറഞ്ഞു.

രാജ്യത്തെ കള്ളപ്പണം വെളിപ്പെടുത്താനുള്ള അനുമതി സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നതിലൂടെ അത് നിയമപരമാക്കുക തന്നെയാണ് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ വാതുവെപ്പ് എന്തുകൊണ്ട് നിയമപരമാക്കിക്കൂടെന്നും സിന്‍ഹ ചോദിച്ചു.

വാതുവെപ്പ് നിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നത് ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന് പറയുന്നത് പോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

വാതുവെയ്പ് അഴിമതി തടയാന്‍ സഹായിക്കുമെങ്കില്‍ അതിനെ താനും പിന്തുണക്കുന്നുവെന്ന് ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

എന്നാല്‍ സംഭവം വിവാദമായതിന് ശേഷം താന്‍ ഒരു കാര്യം വ്യക്തമാക്കാന്‍ വേണ്ടി ഒരു പഴഞ്ചൊല്ല് ഉദ്ധരിച്ചതാണെന്നായിരുന്നു സിന്‍ഹയുടെ വിശദീകരണം.

സംഭവത്തെ സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് വിമര്‍ശിച്ചു. തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കി ബലാത്സംഗത്തെ സിന്‍ഹ നിസ്സാരവത്ക്കരിക്കുകയായിരുന്നെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി.

സിന്‍ഹയെ പ്രോസിക്യൂട്ട് ചെയ്യണം. സ്ത്രീകളെ അപമാനിക്കുന്ന വിധമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അദ്ദേഹത്തിന് സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്ത് തുടരുന്നതിന് യാതൊരു അര്‍ഹതയില്ലെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.

Advertisement