ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ എസ്സാര്‍ ഗ്രൂപ്പിനും ഖെയ്ത്താനുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. എസ്സാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ രവി റൂയിയ, എസ്സാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ അന്‍ഷുമാന്‍ റൂയിയ, ടെലികോം പ്രമൊട്ടര്‍മാരായ ഐ.പി ഖെയ്ത്താന്‍, കിരണ്‍ ഖെയ്ത്താന്‍, എസ്സാര്‍ ടെലി കമ്മ്യൂണിക്കേഷന്‍സിന്റെ സി.ഇ.ഒ വികാസ് സറഫ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

വഞ്ചന ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോര്‍പ്പറേറ്റ് മേധാവികളായ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2008ല്‍ ലൂപിനെ ഉപയോഗിച്ച് നിയമപരമായി അനുവദിച്ചതിലധികം സ്‌പെക്ട്രം ലൈസന്‍സുകള്‍ ഇവര്‍ സ്വന്തമാക്കിയതായി സി.ബി.ഐ ആരോപിക്കുന്നു. 1450 കോടിക്ക് 21 സര്‍ക്കിളുകള്‍ക്കുള്ള ലൈസന്‍സ് ലൂപ്പിന് അനുവദിച്ചത് മുന്‍ കേന്ദ്ര ടെലികോംമന്ത്രി എ. രാജയായിരുന്നു. ഇന്ത്യയുടെ ടെലികോം നിയമപ്രകാരം ഒരു കമ്പനിക്ക് ഒരേ സര്‍ക്കിളിനുള്ളില്‍ 10%ത്തില്‍ കൂടുതല്‍ രണ്ട് ഓപ്പറേറ്റിംഗ് ലൈസന്‍സ് ഉണ്ടാവാന്‍ പാടില്ല. എന്നാല്‍ ഈ നിയമം മറികടക്കാനായി ലൂപ്പിനെ എസ്സാര്‍ ഗ്രൂപ്പ് ഉപയോഗിക്കുകയായിരുന്നെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്.

Subscribe Us:

എസ്സാര്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. സി.ബി.ഐയുടെ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് എസ്സാര്‍ വക്താവ് അറിയിച്ചു.

2ജി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സമര്‍പ്പിക്കുന്ന മൂന്നാമത്തെ കുറ്റപത്രമാണിത്. നേരത്തെ റിലയന്‍സ് ടെലികോമിനെതിരെയും സമാനമായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വാന്‍ ടെലികോമിനെ ഉപയോഗിച്ച് റിലയന്‍സ് ലൈസന്‍സുകള്‍ നേടിയെടുത്തുവെന്നായിരുന്നു ആരോപണം.

Malayalam news

Kerala news in english