അഹ്മദാബാദ്: സൊഹറാബുദ്ദിന്‍ വ്യാജ ഏറ്റുമുട്ടല്‍ വധക്കേസിന്റെ സുതാര്യമായ നടത്തിപ്പിനായി കേസ് ഗുജറാത്തില്‍ നിന്നും മാറ്റണമെന്ന് സി ബി ഐ സു പ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. സൊഹറാബുദ്ദിന്‍ വധക്കേസ് അന്വേഷിക്കാന്‍ മൂന്നു മാസത്തെ സമയം വേണമെന്നും സി ബി ഐ അഭ്യര്‍ത്ഥിച്ചു. കൂടാതെ പ്രധാന സാക്ഷിയായ തുള്‍സി റാം പ്രജാപതിയുടെ കൊലപാതകവും അന്വേഷിക്കുവാന്‍ അനുവദിക്കണമെന്നും സുപ്രിംകോടതിയോട് സി ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

സൊഹറാബുദ്ദിന്‍ വധക്കേസില്‍ ഇതുവരെയുള്ള കണ്ടത്തലുകള്‍ അടങ്ങിയ പുരോഗതി റിപ്പോര്‍ട്ട് സി ബി ഐ ഇന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത അനുയായിയും ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയുമായ അമിത് ഷായുടെ ഉത്തരവു പ്രകാരം സൊഹറാബുദ്ദിന്‍ ഷെയ്ക്കിനെയും ഭാര്യ കൗസര്‍ബീയെയും സുഹൃത്ത് തുള്‍സിറാം പ്രജാപതിയെയും പോലിസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് സി ബി ഐ കണ്ടെത്തിയത്.

അമിത് ഷായെ കഴിഞ്ഞ ആഴ്ച സി ബി ഐ അറസ്റ്റ് ചെയതിരുന്നു. നരേന്ദ്രമോഡിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അഴിമതി, തട്ടികൊണ്ടുപോകല്‍, ഗൂഢാലോചന, കൊലപാതകം എന്നിവയാണ് ഷായ്‌ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. സൊഹറാബുദ്ദിന്‍ വധത്തിനുപിന്നില്‍ ശക്തമായ ഗൂഢാലോചനയും മറ്റും നടന്നിട്ടുണ്ടന്നെും തെളിവുകള്‍ നശിപ്പിക്കാന്‍ മന്ത്രിമാരും പോലിസും അടക്കമുള്ള ഉന്നതര്‍ ശ്രമിച്ചിരുന്നുവെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. ഇതില്‍ പങ്കാളികളാകാത്തവരെയാണ് സി ബി ഐ സാക്ഷികളാക്കിയത്.