ഭോപ്പാല്‍: വിവരാവകാശ പ്രവര്‍ത്തക ഷെഹ്‌ല മസൂദിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ സി.ബി.ഐ അറസ്റ്റു ചെയ്തു. ഇന്റീരിയര്‍ ഡിസൈനറായ സാഹിദ പെര്‍വേസുള്‍പ്പെടെ നാല് പേരാണ് അറസ്റ്റിലായത്.

സാഹിദ പര്‍വേസാണ് ഈ കൊലപാതകത്തിന്റെ സൂത്രധാരയെന്നാണ് സി.ബി.ഐ പറയുന്നത്. ഷെഹ്‌ലയെ കൊലചെയ്യുന്നതിനായി ഷാഹിദ വാടകകൊലയാളിയെ ഏല്‍പ്പിച്ചു. ഭോപ്പാല്‍ സ്വദേശിയായ സാക്വബിനെയാണ് ജോലിയേല്‍പ്പിച്ചത്. സാക്വിദ് ഇര്‍ഫാന്‍, ഷാനു എന്നിവരെ കൊലപാതകത്തിനായി നിയോഗിച്ചു. കൊലനടത്തുന്നതിനായി ഇര്‍ഫാനും ഷാനുവും കാണ്‍പൂരില്‍ നിന്നും പുറപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട എല്ലാവരെയും സി.ബി.ഐ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതില്‍ ഷാനു കുറച്ചുദിവസം മുമ്പ് കൊല്ലപ്പെട്ടു. അറസ്റ്റിലായവരെ ഭോപ്പാല്‍ കോടതിയില്‍ ഹാജരാക്കും.

കൊലപാതകം നടത്തിയവര്‍ പിടിയിലായെന്ന് പറയുമ്പോഴും ഇതിന് പിന്നിലെ കാരണം വ്യക്തമാക്കാന്‍ സി.ബി.ഐ ഇതുവരെ തയ്യാറായിട്ടില്ല. 2011 ആഗസ്റ്റ്  16ന് അഴിമതിക്കെതിരെ ഇന്ത്യ ക്യാപെയ്‌നില്‍ പങ്കെടുക്കുന്നതിനായി പുറപ്പെടുമ്പോഴാണ് ഷെഹ്‌ല കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു.

വളരെ അടുത്തുനിന്നാണ് വെടിവെച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഷെഹ്‌ലയുടെ ബന്ധുക്കളും ഇക്കാര്യം ശരിവച്ചിരുന്നു. വീട്ടില്‍ നിന്നും കാറിലേക്ക് കയറി െ്രെഡവ് ചെയ്യാനൊരുങ്ങുമ്പോഴാണ് ഷെഹ്‌ലയ്ക്ക് വെടിയേറ്റതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

മാധ്യമങ്ങളില്‍ നിന്നുണ്ടായ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്.

Malayalam news

Kerala news in English