കൊച്ചി: പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിക്കുന്ന സമയത്ത് എ.ഡി.ജി.പി മുഹമ്മദ് യാസീന്‍ മലമ്പുഴയില്‍ ഉണ്ടായിരുന്നില്ലെന്ന് സി.ബി.ഐ. ഈ സമയം യാസീന്‍ കോയമ്പത്തൂരിലായിരുന്നുവെന്നും സി.ബി.ഐ എറണാകുളം ജില്ലാ പ്രിന്‍സിപ്പില്‍ കോടതിയെ അറിയിച്ചു.

സമ്പത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ത്തിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരേ സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

സമ്പത്തിനെ മലമ്പുഴയിലെ റിവര്‍ സൈഡ് കോട്ടേജില്‍ മര്‍ദനത്തിനിരയാക്കിയപ്പോള്‍ എ.ഡി.ജി.പി മുഹമ്മദ് യാസിന്‍ കോയമ്പത്തൂരിലെ ചന്ദ്രനഗര്‍ ഗസ്റ്റ് ഹൗസിലായിരുന്നുവെന്ന് സി.ബി.ഐ വ്യക്തമാക്കി. ഇത് തെളിയിക്കുന്നതിന് മുഹമ്മദ് യാസിന്റെ ടെലിഫോണ്‍ കോളുകളുടെ വിശദാംശങ്ങളും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു.

6.45 നാണ് മര്‍ദനം നടന്നതെന്നാണ് സമ്പത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 6.15 വരെ മുഹമ്മദ് യാസിന്‍ ചന്ദ്രനഗര്‍ ഗസ്റ്റ് ഹൗസിലുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഫോണ്‍ കോളുകളുടെ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടാണ് യാസീനെതിരെയുള്ള അറസ്റ്റ് വാറണ്ട് കോടതിയെ തിരിച്ചേല്‍പ്പിച്ചതെന്നും സി.ബി.ഐ അറിയിച്ചു. 6.15 ന് കോയമ്പത്തൂരില്‍ നിന്ന് തിരിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ മലമ്പുഴയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നും സിബിഐ കോടതിയില്‍ ബോധിപ്പിച്ചു.

അതേസമയം കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സി.ബി.ഐ നിലപാടില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.