ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ അറിയിച്ചു. ദയാനിധി മാരനും എസ്. ആര്‍ ഗ്രൂപ്പിനുമെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സി.ബി.ഐ അറിയിച്ചു.

എഫ്.ഐ.ആര്‍ ഉടന്‍ സമര്‍പ്പിക്കും. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും. മാരന്റെ പങ്കിനെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്നും സി.ബി.ഐ അറിയിച്ചു. 300 ഫോണ്‍ കണക്ഷനുള്ള എക്‌സ്‌ചേഞ്ച് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് മാരനെതിരെ അന്വേഷണം നടക്കുന്നത്.

സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയായതായി കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, 2ജി കേസില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ചിദംബരത്തിന് കീഴിലുള്ള ഏജന്‍സി ശരിയായി അന്വേഷിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.