ചെന്നൈ:പരിസ്ഥിതി-ന്യൂനപക്ഷ ക്ഷേമമന്ത്രി മരിയം പിച്ചെയുടെ അപകടമരണം സംബന്ധിച്ച് സി.ബി.സി.ഐ.ഡി യുടെ നേതൃത്വത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു.തിരുച്ചിറപ്പള്ളിയില്‍ മരിയം പിച്ചെയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ജയലളിത.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി എതിരാളികള്‍ ആസൂത്രണം ചെയ്ത ഗൂഡാലോചനയുടെ ഫലമാണ് മരിയം പിച്ചെയുടെ അപകടമരണമെന്നും ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തിരുച്ചിറപ്പള്ളി മേഖലയിലെ എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ മുഖ്യമന്ത്രി ജയലളിതയെ കണ്ടിരുന്നു.

മന്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.മന്ത്രിയുടെ വാഹനത്തിന് വേണ്ടത്ര അകമ്പടിയില്ലായിരുന്നെന്നും പൈലറ്റ് വാഹനം വളരെ മുമ്പിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും ചൂണ്ടിക്കാണിച്ച പ്രാദേശിക എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ അപകടം ആസൂത്രിതമായിരുന്നുവെന്ന ആരോപണം മുന്നോട്ടുവെച്ചിരുന്നു.

കാറിന്റെ ഡ്രൈവറെ സംബന്ധിച്ചും ചിലര്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്ന ആനന്ദ്, പ്രമുഖ ഡി.എം.കെ നേതാവും മുന്‍ ഗതാഗത വകുപ്പുമന്ത്രിയുമായ കെ.എന്‍ നെഹ്രുവിന്റെ കാര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണെന്നായിരുന്നു ആരോപണം. മുന്‍സീറ്റിലിരിക്കുകയായിരുന്ന മരിയംപിച്ചെ അപകടത്തില്‍ മരിച്ചപ്പോള്‍ ഡ്രൈവര്‍ ആനന്ദ് കാര്യമായ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടതെങ്ങനെയെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.