ന്യൂദല്‍ഹി: മലേഷ്യയിലെ മാക്‌സിസ് എന്ന സ്ഥാപനത്തിനു എയര്‍സെല്‍ വില്‍ക്കാന്‍ സമ്മര്‍ദ്ദം ചലുത്തിയതില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്റെ പങ്ക് അന്വേഷിക്കുന്നതിനായി സി.ബി.ഐ മാക്‌സിസ് കമ്പനിയെ സമീപിക്കും. എയര്‍സെല്‍ ഉടമ ശിവശങ്കരനുമേലാണ് മാരന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. ഇക്കാര്യം സൂക്ഷമമായ പരിശോധനക്ക് വിധേയമാക്കാന്‍ മാക്‌സിസ് കമ്പനിയോട് സി. ബി. ഐ ആവിശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മാരന്റെ സുഹൃത്ത് ടി. അനന്തകൃഷ്ണന്റെ കമ്പനിയാണ് മാക്‌സിസ്. എയര്‍സെല്ലിന് മാരന്‍ ടെലികോം ലൈസന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് കമ്പനി മാക്‌സിന് വില്‍ക്കാന്‍ ശിവശങ്കരമേനോന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ടെലികോം ഉദ്യോഗസ്ഥര്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തിട്ടും എയര്‍സെല്ലിന് ലൈസന്‍സ് നല്‍കാനുള്ള ഫയലില്‍ മാരന്‍ ഒപ്പുവച്ചിരുന്നില്ല. എയര്‍സെല്ലിനെ മാക്‌സിസ് ഏറ്റെടുത്തയുടന്‍ ലൈസന്‍സ് അനുവദിക്കുകയും ചെയ്തു. പിന്നീട് നാലുമാസം കഴിഞ്ഞപ്പോള്‍ മാക്‌സിസിന്റെ സഹോദര സ്ഥാപനമായ ആസ്‌ട്രോ മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടെലിവിഷന്‍ കമ്പനിയില്‍ 675 കോടി രൂപ നിക്ഷേപിച്ച് ഓഹരി പങ്കാളിത്തം നേടിയിരുന്നു. മാക്‌സിസും സണ്‍ ടി. വിയും നടത്തിയ പണമിടപാടുകളും സി. ബി. ഐ ഇപ്പോള്‍ പരിശോധിച്ചു വരികയാണ്.

വ്യത്യസ്ഥ സംസ്ഥാനങ്ങളിലായി 23 ടെലികോം സര്‍ക്കിളുകളുള്ള എയര്‍സെല്ലില്‍ മാക്‌സിസിന് 74 ശതമാനം ഓഹരിയാണ് ഇപ്പോള്‍ ഉള്ളത്.