എഡിറ്റര്‍
എഡിറ്റര്‍
പുരുഷന്‍മാരിലെ കഷണ്ടിയുടെ കാരണം കണ്ടെത്തി
എഡിറ്റര്‍
Thursday 22nd March 2012 8:34am

ഒടുക്കും പുരുഷന്‍മാരില്‍ കഷണ്ടിയുണ്ടാക്കുന്ന വില്ലനെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു. പ്രോസ്റ്റാഗ്ലാഡിന്‍ ഡി2 അഥവാ PGD2 എന്ന പ്രോട്ടീനും അതില്‍ നിന്നുണ്ടാവുന്ന മറ്റ് പ്രോട്ടീനുകളുമാണ് കഷണ്ടിയുണ്ടാക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളുടെ പിന്‍ബലത്തില്‍ സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിനിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ പ്രോട്ടീന്‍ മുടിവളര്‍ച്ച തടയുമെന്നാണ് പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്. ശാരീരിക വളര്‍ച്ച അവസാനിക്കുന്ന ഘട്ടത്തില്‍ ഈ പ്രോട്ടീനിന്റെ അളവ് പെട്ടെന്ന് കൂടുന്നതാണ് കഷണ്ടിക്ക് കാരണമാകുന്നത്. കഷണ്ടിയുള്ള ആളുകളില്‍ ഈ പ്രോട്ടീനിന്റെ അളവ് മറ്റുള്ളവരിലേതിനേക്കാള്‍ മൂന്ന് മടങ്ങായിരിക്കും. മുടിയുള്ള തലയോട്ടിയിലെ PGD2  പ്രോട്ടീനിന്റെ അളവ് 1.5ng/g ആണ്. എന്നാല്‍ കഷണ്ടിയുള്ളവരില്‍ ഇതിന്റെ അളവ് 16.3ng/g ആണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

വേരോടെയുള്ള മുടി പിഴുതെടുത്ത് അത് ഒരാഴ്ചയോളും കൃത്രിമമായി വളര്‍ത്തിയാണ് ശാസ്ത്രജ്ഞന്‍മാര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ മുടി വളര്‍ത്തുന്നതിനായി ഈ പ്രോട്ടീനും ഇതിന്റെ ഉപോല്പനങ്ങളും വ്യത്യസ്ത അളവില്‍ ഉപയോഗിച്ചു. കുറഞ്ഞ അളവില്‍ (5 മൈക്രോമോളാര്‍) ഈ പ്രോട്ടീന്‍ മുടിവളര്‍ച്ചയെ സഹായിക്കുന്നു. 10 മൈക്രോമോളാറാകുമ്പോള്‍ മുടിയുടെ വലുപ്പം കുറയുന്നു. ഇതില്‍ നിന്നുണ്ടാവുന്ന മറ്റു പ്രോട്ടീനുകള്‍ 10 മൈക്രോമോളാറിലും മുടി വളര്‍ച്ചയെ സഹായിക്കുന്നുണ്ടെന്നും കണ്ടെത്തി.

വിവിധ തരത്തിലുള്ള പ്രോസ്റ്റാഗ്ലാഡിനുകളാണ് മുടിവളര്‍ച്ചയെ നിയന്ത്രിക്കുന്നത്. ഇത്തരത്തിലുള്ള ഒരു പ്രോസ്റ്റാഗ്ലാഡിന് റേഡിയേഷന്‍ കാരണം മുടി നഷ്ടപ്പെടുന്നത് തടയാനാവുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

എലികളിലും മനുഷ്യശരീരത്തിലും രണ്ട് പ്രധാന പ്രോസ്റ്റാഗ്ലാഡിനുകളായ PGE2ഉം PGD2 ഉം കൃത്യമായ അനുപാതത്തില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഈ അളവില്‍ വ്യത്യാസം വന്നാല്‍ അതും കഷണ്ടിയുണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കഷണ്ടിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്ന ആളുകള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ കണ്ടെത്തല്‍. ഈ പ്രോട്ടീനുകളുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ മുടി പൂര്‍ണമായി കൊഴിയുന്നത് തടയാനാകുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ കഷണ്ടിയുള്ളവരില്‍ ഇത് ഫലം ചെയ്യുമോ എന്ന് വ്യക്തമായിട്ടില്ലെന്നും ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Malayalam News

Kerala News In English

Advertisement