സെഞ്ചൂറിയന്‍: കളിക്കളത്തിലെ അഗ്രസീവ്‌നെസാണ് വിരാട് കോഹ് ലിയെ സമകാലികരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ടീം മോശം സമയത്തിലൂടെ കടന്നു പോകുമ്പോഴൊക്കെ വിരാടിന്റെ അഗ്രസീവ്‌നെസ് മറ്റ് താരങ്ങള്‍ക്ക് ആത്മവിശ്വാസം പകരാറുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ അത്തരം സാഹചര്യങ്ങളില്‍ വിരാട് പറയുന്നത് അസഭ്യമാകാറുമുണ്ട്.

ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനവും അത്തരത്തിലൊരു രംഗം അരങ്ങേറുകയുണ്ടായി. വിരാട് കോഹ് ലി കളിക്കിടെ അസഭ്യം പറയുന്നത് സ്റ്റമ്പ് മൈക്കില്‍ കുടുങ്ങുകയായിരുന്നു.

ഇന്ത്യയുടെ പ്രധാന സ്പിന്‍ ബൗളര്‍ അശ്വിന്‍ പന്തെറിയാനെത്തിയപ്പോഴായിരുന്നു വിരാടിന്റെ പ്രതികരണം. അശ്വിന്റെ പന്തിനെ നേരിടാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ പാടുപെടുന്നത് കണ്ട് വിരാട് ആവേശം മൂത്ത് പച്ചത്തെറി വിളിച്ചു പറയുകയായിരുന്നു. ഇതിന്റെ ഓഡിയോയും വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്.

താരത്തിന്റെ വാക്കുകള്‍ അതിരു കടന്നെന്നും അതേസമയം, കളിക്കളത്തില്‍ സാധാരണമാണ് ഇത്തരം പ്രതികരണങ്ങളെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം, ജയം മുന്നില്‍ കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ ലഭിച്ചത് മോശം തുടക്കമാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്നിന് 35 എന്ന നിലയിലാണ്. പൂജാരയും പാര്‍ത്ഥീവ് പട്ടേലുമാണ് ക്രീസില്‍. നായകന്‍ വിരാട് കോഹ് ലിയെ ഇന്ത്യയ്ക്ക് നേരത്തെ തന്നെ നഷ്ടമായിരുന്നു. ജയിക്കാന്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വേണം.