കോട്ടയം: ഏതെങ്കിലുമൊരു സ്ഥാനാര്‍ഥിയുടെയോ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ സംരക്ഷകരാകാന്‍ കത്തോലിക്കാ സഭയ്ക്കാവില്ലെന്ന് കത്തോലിക്കാ അല്‍മായ സംസ്ഥാന നേതൃസമ്മേളനം വ്യക്തമാക്കി. വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അധികാരത്തിലേക്ക് ചവിട്ടിക്കയറാനുള്ള ഏണിപ്പടിയായി ക്രൈസ്തവസഭയെ ആരും കാണരുത്. സഭ രാഷ്ട്രീയ പ്രക്രിയയില്‍ വ്യാപരിക്കുന്നുണ്ടെങ്കിലും അതിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഒരു മുന്നണിയെയും രാഷ്ട്രീയ പാര്‍ട്ടിയെയും അനുവദിക്കില്ലെന്നും കേരളാ കാത്തലിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന നേതൃസമ്മേളനം പ്രമേയത്തിലൂടെ വ്യക്തമാക്കി.

അതേ സമയം തന്നെ സഭാ പിതാക്കന്മാരെ അവഹേളിക്കുന്നവര്‍ ആരായാലും അവരെ എതിര്‍ക്കും. സഭ ഒരിക്കലും രാഷ്ട്രീയ അധികാരം ലക്ഷ്യമാക്കുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, ആതുര, ജീവകാരുണ്യ മേഖലകളിലുള്ള ശുശ്രൂഷയും സമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടവും മാണ് സഭയുടെ ലക്ഷ്യം. മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ഗ്രൂപ്പുകളും വ്യക്തിതാല്‍പര്യങ്ങളും സംരക്ഷിക്കാന്‍ സ്ഥാനാര്‍ഥികളെ പൊതുസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ സംസ്‌കാരത്തോടും സമ്മതിദായകരോടുമുള്ള വെല്ലുവിളിയാണെന്നും പ്രമേയം വ്യക്തമാക്കുന്നു. കോട്ടയം സീരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം കോട്ടയം അതിരൂപത മെത്രാപോലീത്താ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.