എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയുടെ ജീര്‍ണ്ണത വിഭാഗീയതയുടെ ഉല്‍പ്പന്നമെന്ന് സംഘടനാരേഖ
എഡിറ്റര്‍
Wednesday 27th November 2013 5:32pm

pinarayi-vijayan-580-406

പാലക്കാട്:  പാര്‍ട്ടിയുടെ ജീര്‍ണ്ണത വിഭാഗീയതയുടെ ഉല്‍പ്പന്നമാണെന്ന് സി.പി.ഐ.എം സംസ്ഥാന പ്ലീനത്തില്‍ അവതരിപ്പിച്ച സംഘടനാ രേഖയില്‍ പരാമര്‍ശം.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് രേഖ അവതരിപ്പിച്ചത്. പാര്‍ട്ടിയുടെ ശക്തിക്കൊത്ത പ്രകടനം നടത്താനാകുന്നില്ലെന്നും രേഖയില്‍ വിമര്‍ശനം ഉയര്‍ന്നു.

വര്‍ത്തമാന കാലത്തിലെ സാഹചര്യത്തിനൊത്ത് പ്രവര്‍ത്തന രീതി മാറണം. ബഹുജനപ്രസ്ഥാനമായി മാറുന്നതില്‍ ഇപ്പോഴും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും മേല്‍ഘടകങ്ങള്‍ക്കും വീഴ്ച്ച പറ്റിയെന്നും രേഖയില്‍ പരാമര്‍ശിക്കുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാധ്യമപ്രവര്‍ത്തകരുമായി വഴിവിട്ട ബന്ധമുണ്ടെന്നും അപ്പപ്പോള്‍ വാര്‍ത്തകള്‍ ചോരുന്നത് ഇത് വഴിയാണെന്നും ഇത്തരക്കാര്‍ പാര്‍ട്ടിയെ ഒറ്റുകൊടുക്കുകയാണെന്നും രേഖയില്‍ വിമര്‍ശനമുയര്‍ന്നു.

പഴയ രാഷ്ട്രീയബന്ധം വച്ച് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത ചോര്‍ത്തുകയാണ്. അവര്‍ പ്രൊഫഷണല്‍ മികവ് കാണിക്കുമ്പോള്‍ നേതാക്കള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന മികവ് കാണിക്കാനാവുന്നില്ലെന്നും രേഖയില്‍ പറയുന്നു.

സി.പി.ഐ.എമ്മിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ക്ക് കാരണം വിഭാഗീയതയാണെന്ന് എ.കെ ബാലന്‍ പാര്‍ട്ടി പ്ലീനത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ നടത്തിയ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ത്രിദിന സംസ്ഥാന പ്ലീനത്തിന് ഇന്ന് രാവിലെയാണ്  പാലക്കാട്ട് തുടക്കമായത്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനാണ് പ്രതിനിധി സമ്മേളന വേദിയായ ടൗണ്‍ ഹാളില്‍ പതാക ഉയര്‍ത്തിയത്.

ഇന്നലെ പതാക, ദീപശിഖ, കൊടിമര ജാഥകള്‍ തുടങ്ങിയവ പൊതുസമ്മേളനവേദിയായ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സംഗമിച്ചിരുന്നു.

വിഭാഗീയതയും സംഘടനാ ദൗര്‍ബല്യങ്ങളും ചര്‍ച്ച ചെയ്ത് കര്‍മ്മപരിപാടി തയ്യാറാക്കുകയാണ് പ്ലീനത്തിന്റെ ലക്ഷ്യം.

സംസ്ഥാന കമ്മറ്റിയംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍, ഏരിയാ സെക്രട്ടറിമാര്‍ തുടങ്ങി 408 പേരാണ് സി.പി.ഐ.എം സംസ്ഥാന പ്ലീനത്തില്‍ പ്രതിനിധികളായി ഉണ്ടാവുക.

87 സംസ്ഥാന കമ്മറ്റിയംഗങ്ങളും, 202 ഏരിയാ സെക്രട്ടറിമാരും, ഇരുന്നൂറോളം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളുമാണ് സമ്മേളനത്തിനെത്തിയിരിക്കുന്നത്.

സി.പി.ഐ.എമ്മിന്റെ ചരിത്രത്തിലെ തന്നെ നാലാമത്തെ സംസ്ഥാന പ്ലീനമാണിത്. 1968ല്‍ കൊച്ചി, 1970ല്‍ തലശ്ശേരി, 1981ല്‍ തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇതിന് മുമ്പ് പ്ലീനം നടന്നിട്ടുള്ളത്.

Advertisement