എഡിറ്റര്‍
എഡിറ്റര്‍
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജാതി ഭ്രഷ്ട്: റിട്ടയേഡ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ദേവസ്വം ഭരണ സമിതി തീരുമാനം
എഡിറ്റര്‍
Wednesday 22nd January 2014 10:52am

guruvayoor-temple

തിരുവനന്തപുരം: ജാതി വിവേചനത്തിന്റെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഇലത്താളം കലാകാരന്‍ ബാബുവിനെ പുറത്താക്കിയ സംഭവത്തെത്തുടര്‍ന്ന് അന്വേഷണത്തിന് ദേവസ്വം ഭരണ സമിതിയുടെ തീരുമാനം.

റിട്ടയേഡ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്താനാണ് തീരുമാനം. ഇതിനായി നിയമ വകുപ്പ് സെക്രട്ടറിയ്ക്ക് വിശദമായ കത്ത് നല്‍കും.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയ്ക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിയ്ക്കും കത്ത് നല്‍കിയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ക്ഷേത്രത്തിലെ ജാതി വിവേചനം റിട്ടയേഡ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ദേവസ്വം ഭരണ സമിതി തീരുമാനിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് പഞ്ചവാദ്യം കലാകാരനായ വടക്കാട് സ്വദേശി ബാബുവിനെ അയിത്തം കല്‍പ്പിച്ച് പുറത്താക്കിയത്.
ജാതി ചോദിച്ചറിഞ്ഞ് രാത്രി പൂരത്തില്‍ നിന്ന് വിലക്കുകയായിരുന്നു.

ഗുരുസ്ഥാനീയരായ ആശാന്മാരുടെ ക്ഷണപ്രകാരമാണ് ബാബു ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിലെ പഞ്ചവാദ്യ സംഘത്തിലെത്തിയത്.

ചില സവര്‍ണ സംഘടനകള്‍ ജാതി ചോദിച്ചറിഞ്ഞ് ബാബുവിനെ പുറത്താക്കുകയായിരുന്നു. രാത്രി പൂരത്തിന് തന്റെ സംഘത്തിന്റെ പഞ്ചവാദ്യത്തില്‍ ബാബുവിന് കാഴ്ചക്കാരനാകേണ്ടി വന്നു.

അയിത്തിനും ജാതി വിവേചനത്തിനുമെതിരെ മുഴുവന്‍ സംരക്ഷണവും ഭരണഘടന ഉറപ്പ് നല്‍കിയിട്ടും സവര്‍ണ്ണ ശാസനയ്ക്ക് മുന്നില്‍ നിനസഹായനാവേണ്ടി വന്നു ബാബുവിന്.

Advertisement