ന്യൂദല്‍ഹി: വോട്ടിന് കോഴ കേസില്‍ സമാജ് വാദി പാര്‍ട്ടി മുന്‍നേതാവ് അമര്‍ സിങ് കോടതിയില്‍ ഹാജരായി. ശാരീരിക അസ്വാസ്ഥ്യങ്ങളുള്ളതിനാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അമര്‍സിംങ്ങിന്റെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, കിഡ്‌നി മാറ്റിവെക്കല്‍ നടത്തിയതിനാല്‍ ഇന്‍ഫെക്ഷന്‍ സാധ്യതയും ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാവുന്നതില്‍നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്ന് അമര്‍സിംങ്ങിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷത്തെ അമര്‍സിംങ്ങിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ 12.30 അമര്‍സിംങ് കോടതിയിലെത്തി. തനിക്ക് ഒന്നും ഒളിക്കാനില്ലെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.

അതിനിടെ കേസില്‍ ആരോപണവിധേയരായ ബി.ജെ.പി എം.പി മഹാവീര്‍ ബഗോറ, ഫഗാന്‍ സിംങ് കുലാസ്‌തെ എന്നിവര്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്.

അമര്‍സിംങ്ങിന്റെ മുഖ്യസഹായായ സജ്ജീവ് സക്‌സേനയും സൊഹൈല്‍ ഹിന്ദുസ്ഥാനിയും കോടതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ജയിലിലാണ്. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ സഹായിയായ സുധേന്ദ്ര കുല്‍ക്കര്‍ണിയോടും മറ്റ് രണ്ട് മുന്‍ ബി.ജെ.പി എം.പിമാരോടും ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അമര്‍സിംങ്ങിനെയും സുധേന്ദ്ര കുല്‍ക്കര്‍ണിയെയും അറസ്റ്റ് ചെയ്യാത്തതില്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോയെന്ന് കോടതി ഇവര്‍ക്ക് സമണ്‍സ് നല്‍കിക്കൊണ്ട് പോലീസിനോട് ചോദിച്ചിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലാത്തതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന് പോലീസ് മറുപടി നല്‍കിയിരുന്നു.

വോട്ടിനുകോഴ കേസിലെ മുഖ്യസൂത്രധാരന്‍ അമര്‍സിംങ്ങാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ദല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അമര്‍സിംങ്ങിന്റെ ഉടമസ്ഥതിയുള്ള കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ജീപ്പിലാണ് എം.പിമാര്‍ക്ക് നല്‍കാനായുള്ള പണം കൊണ്ടുപോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ പണം കൈമാറാന്‍ ചുമതലപ്പെടുത്തിയ സജ്ജീവ് സക്‌സേന അമര്‍സിംങ്ങിന്റെ പ്രധാനസഹായിയാണെന്നും കണ്ടെത്തിയിരുന്നു.