ന്യൂദല്‍ഹി: വോട്ടിനു കോഴക്കേസില്‍ അറസ്റ്റിലായ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍ സിംഗിനു ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യ തുകയായി 50 ലക്ഷം രൂപ കെട്ടിവയ്ക്കാനും തതുല്യ തുകയുടെ രണ്ട് ആള്‍ജാമ്യം ഹാജരാക്കാനും കോടതി ഉത്തരവിട്ടു. പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 28ന് തീസ് ഹസാരി കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് അമര്‍ സിങ് ഹൈക്കോടതിയെ സമീപിച്ചത്.

അമര്‍സിങ് സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളിയിരുന്നു. ജനാധിപത്യ വ്യവസ്ഥയെ അവഹേളിക്കുന്ന പ്രവര്‍ത്തനമാണ് അമര്‍സിങ്ങിനെതിരെയുള്ളതെന്ന് പറഞ്ഞാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അമര്‍ സിങ്  കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഒക്ടോബര്‍ 12ന് എ.ഐ.ഐ.എം.എസ് അമര്‍ സിംഗിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അമര്‍ സിംഗിന് സ്ഥിരമായ ചികിത്സവേണമെന്നായിരുന്നു റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നത്. ഇത് പരിഗണിച്ചാണ് കോടതി നടപടി.

രാജ്യംവിട്ടുപോകില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കില്ലെന്നും സിങ് ഉറപ്പ് നല്‍കിയാല്‍ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ ആറിനാണ് വോട്ടിനു കോഴക്കേസില്‍ അമര്‍ സിങ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 12ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.