ന്യൂദല്‍ഹി: വോട്ടിന് കോഴ കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി എം.പി മാര്‍ ബഹളമുണ്ടാക്കിയത്.

അമര്‍സിംങ്ങിനെ അറസ്റ്റ് ചെയ്തതുള്‍പ്പെടെയുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യോത്തരവേള ഉപേക്ഷിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എല്‍.കെ.അഡ്വാനിയും രാജ്യസഭയില്‍ രവിശങ്കര്‍ പ്രസാദും നോട്ടീസ് നല്‍കി. എന്നാല്‍ ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും ഇത് പരിഗണിച്ചില്ല.

കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.പിമാരെ അറസ്റ്റുചെയ്തതാണ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. ഇവര്‍ ഈ കുതിരകച്ചവടം പുറത്തുകൊണ്ടുവരാന്‍ സഹാച്ചവരാണെന്നും എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും എല്‍.കെ അഡ്വാനി ചോദിച്ചു.

ചോദ്യോത്തരവേള തുടങ്ങിയതിനു പിന്നാലെ ബി.ജെ.പി എം.പിമാര്‍ ബഹളുമുണ്ടാക്കി. തുടര്‍ന്ന് വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി ഇരുസഭകളും അറിയിച്ചു.