ന്യൂദല്‍ഹി: 2008ല്‍ നടന്ന വിശ്വാസവോട്ടെടുപ്പ് ജയിക്കാനായി പണംനല്‍കിയെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ.എം ലിംഗ്‌ദോയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ലിംഗ്‌ദോയും കൂട്ടരും ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈയിടെ പുറത്തുവന്ന വിക്കിലീക്‌സ് രേഖകള്‍ തെളിവായി സ്വീകരിക്കണമെന്നും ലിംഗ്‌ദോ ഹരജിയില്‍ പറയുന്നു. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട സമര്‍പ്പിക്കണമെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജസ്റ്റിസ് അഫിതാബ് ആലം, ആര്‍.എം ലോധ എന്നിവരടങ്ങിയ ബെഞ്ച് മുതിര്‍ന്ന കൗണ്‍സല്‍ രാജീവ് ധവാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2008ലായിരുന്നു വോട്ടിന് പണം വിവാദം ഉയര്‍ന്നത്. അനുകൂല വോട്ടുചെയ്യാനായി തങ്ങള്‍ക്ക് ലഭിച്ച ഒരുകോടി രൂപയുടെ കെട്ടുകള്‍ ബി.ജെ.പി എം.പിമാര്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടിയതായിരുന്നു വിവാദമായത്.