ഇസ്‌ലാമാബാദ്: 127 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരേയുള്ള കേസുകള്‍ പാക്കിസ്ഥാന്‍ റദ്ദാക്കി. സിന്ധ് ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്ന കേസുകളാണ് ഉപേക്ഷിച്ചത്. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ഇവര്‍ക്കെതിരേ കേസുകളുണ്ടായിരുന്നത്.

സുപ്രീംകോടതിയെ പാക് അധികൃതര്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇതോടെ ഇവരുടെ മോചനം സാധ്യമാകുമെന്നാണ് കരുതുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ നിയമാനുസൃതമാണോയെന്ന് സുപ്രീംകോടതി അടുത്തിടെ ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസുകള്‍ ഉപേക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.