കാസര്‍കോഡ്: കാസര്‍കോഡ് വെടിവപ്പുമായി ബന്ധപ്പെട്ട് എസ് പി രാംദാസ് പോത്തനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ്. പോത്തനെതിരെ ഐ പി സി.302ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പി ജെ സെബാസ്റ്റ്യനാണ് ഉത്തരവിട്ടത്.

നവംബര്‍ 15 ന് കാസര്‍കോട്ട് മുസ്‌ലിം ലീഗ് നേതാക്കള്‍ക്കുള്ള സ്വീകരണ സമ്മേളനത്തിനിടെയായിരുന്നു വെടിവെപ്പുണ്ടായത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ചെറുവത്തൂര്‍ കൈതക്കാട്ടെ ഷെഫീഖ് ആയിരുന്നു കൊല്ലപ്പെട്ടത്. എസ് പി രാംദാസ് പോത്തന്റെ റീവോള്‍വറില്‍നിന്നുള്ള വെടിയുണ്ടയേറ്റായിരുന്നു മരണം. ഷഫീഖിന്റെ പിതാവ് കൈതക്കാട്ടെ മുസ്തഫ ഹാജി കാസര്‍കോട് ജില്ലാ ലോയേഴ്‌സ് ഫോറം പ്രസിഡണ്ട് അഡ്വ. സി എന്‍ ഇബ്രാഹിം മുഖേന നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ഷഫീഖ് മരണപ്പെട്ട സംഭവത്തില്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ 2009 ഡിസംബര്‍ നാലിന് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയില്ലാത്തതിനാലാണ് കോടതിയില്‍ സ്വകാര്യ ഹരജി സമര്‍പ്പിച്ചത്. ഷെഫീഖ് മരണപ്പെടാനിടവന്ന എസ് പി.യുടെ വെടിവെപ്പ് റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു.