ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പ്രസ്താവന നടത്തിയതിന് എഴുത്തുകാരി അരുന്ധതി റോയ്ക്കും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലിഷാ ഗിലാനിക്കുമെതിരെ പോലീസ് രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ദല്‍ഹി കോടതിയുടെ ഉത്തരവനുസരിച്ചാണ് പോലീസ് കേസ്.

കഴിഞ്ഞ മാസം ദല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഇവര്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തതെന്ന് പോലിസ് അറിയിച്ചു. സുശീല്‍ പണ്ഡിറ്റ് എന്നയാള്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണു നടപടി. രാജ്യദ്രോഹം, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, രാജ്യത്തിന്റെ അഖണ്ഡതക്കു ഹാനികരമായ ദൃഢപ്രസ്താവനയും ആരോപണവും ഉന്നയിക്കല്‍, സമാധാനം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള അധിക്ഷേപം, പൊതുസമാധാനത്തിനെതിരായ കെട്ടുകഥകളും തെറ്റായ പ്രസ്താവനയും പ്രചരിപ്പിക്കല്‍ എന്നീ ജാമ്യമില്ലാത്ത വകുപ്പുകളനുസരിച്ചാണു കേസെടുത്തിരിക്കുന്നത്.