ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ വിദ്യാര്‍ത്ഥികളെ നഗ്‌നരാക്കി മറ്റുകുട്ടികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തു.

കസ്തൂര്‍ബ ഗാന്ധി വിദ്യാലയത്തിലെ കുട്ടികളെയാണ് ശിക്ഷാനടപടിയെന്ന പേരില്‍ നഗ്‌നരാക്കി മറ്റു കുട്ടികള്‍ക്കുമുന്നില്‍ നിര്‍ത്തിയത്. പ്രധാനാധ്യാപികയ്ക്ക് എതിരെ മോശമായി സ്‌കൂള്‍ കെട്ടിടത്തിനുമുന്നില്‍ എഴുതിയതിനായിരുന്നു ഈ ശിക്ഷാ നടപടി സ്വീകരിച്ചത്.

എഴുതിയ കുട്ടിയെ കണ്ടുപിടിക്കുന്നതിനായിട്ടായിരുന്നു 6 മുതല്‍ 7 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് നേരെ അധ്യാപകര്‍ ഈ ക്രൂരനടപടി സ്വീകരിച്ചത്. മൂന്ന് അധ്യാപകരാണ് ഈ നടപടിക്ക് പിന്നിലെന്നും അവര്‍്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


Dont Miss അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍; കോടതി വാദം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ഉത്തരവ് മൗലികാവകാശ ലംഘനമെന്ന് പ്രശാന്ത് ഭൂഷണ്‍


പൊലീസ് വനിതാ വിഭാഗത്തിന് കൈമാറിയ കേസിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികളെയും, അധ്യാപകരെയും രക്ഷിതാക്കളെയും കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ ശിക്ഷാനടപടിയെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും, രക്ഷിതാക്കള്‍ക്ക് വിശദീകരണം നല്‍കിയിട്ടെല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ട് തുമ്മേ ആമോ പറഞ്ഞു.

സംഭവത്തില്‍ അരുണാചല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി ശക്തമായി അപലപിച്ചു. ഭരണഘടന ഉറപ്പാക്കുന്ന കുട്ടികളുടെ അവകാശങ്ങളുടെയും സംരക്ഷണത്തിന്റെയും കടുത്ത ലംഘനമാണിതെന്ന് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതാക്കള്‍ അഭിപ്രായപ്പെട്ടു. സംഭവത്തിനെതിരെ വിദ്യാര്‍ഥിസംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.