എഡിറ്റര്‍
എഡിറ്റര്‍
ശാന്തന്‍പാറയിലെ ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ കാണാതായിട്ട് എട്ട് വര്‍ഷം; കേസ് ഡയറികളും കാണാനില്ല
എഡിറ്റര്‍
Wednesday 30th May 2012 9:40am

തൊടുപുഴ: പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി  എം.എം മണി കഴിഞ്ഞദിവസം വെളിപ്പെടുത്തിയ മൂന്ന്  കൊലപാതകങ്ങളുടെയും  ഒറിജിനല്‍ കേസ് ഡയറികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് നഷ്ടപ്പെട്ടതായി സൂചന. ഐ.ജി പത്മകുമാറിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച തൊടുപുഴയില്‍ നടന്ന അവലോകന യോഗത്തിലാണ് കേസ് ഡയറികള്‍ കാണാനില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ബേബി അഞ്ചേരി, മുള്ളഞ്ചിറ മത്തായി, മുട്ടുകാട്  നാണപ്പന്‍ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഡയറികളാണ് അപ്രത്യക്ഷമായത്. ഇവ എപ്പോഴാണ് നഷ്ടമായതെന്ന് വ്യക്തമല്ല. ശാന്തന്‍പാറ, രാജാക്കാട് സ്റ്റേഷന്‍ പരിധിയില്‍ സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരും പ്രതികളാകുകയും ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്ത കൊലപാതക  കേസുകളുടെ ആദ്യം മുതലുള്ള വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറികളാണ് കാണാതായിരിക്കുന്നത്. 32 വര്‍ഷം വരെ പഴക്കമുള്ള കേസ് ഡയറികള്‍ അശ്രദ്ധമൂലം കാണാതാകുകയോ മനപൂര്‍വ്വം നശിപ്പിക്കപ്പെടുകയോ ചെയ്തതായാണ് സംശയിക്കുന്നത്.

അതിനിടെ ശാന്തന്‍പാറയില്‍ ദൂരൂഹസാഹചര്യത്തില്‍ കാണാതായ സി.പി.ഐ.എം ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയെന്ന് എം.എം മണി വെളിപ്പെടുത്തിയതടക്കം കൊലപാതകങ്ങള്‍ നടന്ന മേഖലയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസിന്റെ വിചാരണ നടക്കുന്ന ഘട്ടത്തിലാണ് ഓഫീസ് സെക്രട്ടറിയായിരുന്ന വട്ടപ്പാറ മാക്കല്‍ പ്രകാശിനെ കാണാതായത്. 2004 ജൂണിലായിരുന്നു ഇത്.

സി.പി.ഐ.എമ്മുകാര്‍ കൊലപ്പെടുത്തിയ ആറ്റുകാട് രാമകൃഷ്ണന്റെ കേസ് വിചാരണ നടക്കുകയായിരുന്നു ഈ സമയം.  1991ല്‍ ചെറുകിട തോട്ടം ഉടമ ഐ.എല്‍ നായിഡു കൊല്ലപ്പെട്ട കേസിലെ ദൃക്‌സാക്ഷിയും ബന്ധുവുമായ രാമകൃഷ്ണന്‍ 1994 നവംബര്‍ 25നാണ് കൊല്ലപ്പെട്ടത്. ഈ കേസിന്റെ വിചാരണ വേളയിലാണ് രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്.

സി.പി.ഐ.എം വിട്ട് ജെ.എസ്.എസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് വട്ടപ്പാറ വരലില്‍ കുട്ടച്ചന്‍ കൊല്ലപ്പെടുമ്പോഴും ഓഫീസ് സെക്രട്ടറിയായിരുന്നു പ്രകാശ്. ഏരിയാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ മൂന്ന് കൊലപാതകങ്ങളും നടന്നതെന്ന് ആരോപണുണ്ടായത്. പിന്നീടാണ് പ്രകാശിനെ കാണാതാകുന്നത്.

സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വിവാദ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പഴയ കൊലപാതക കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ പ്രതിയോഗികകളില്‍ ഒരാളെ വെടിവെച്ചും ഒരാളെ വെട്ടിയും ഒരാളെ തല്ലിയും  കൊന്നെന്നാണ് കഴിഞ്ഞദിവസം മണി പ്രസംഗിച്ചത്. സംഭവം നടന്ന വര്‍ഷങ്ങളായ സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ സൂക്ഷ്മതയോടെയാകുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

Advertisement