തൃശൂര്‍: ഭൂമിയിടപാട് കേസില്‍ നിവേദിത പി ഹരനേയും മുഹമ്മദ് ഹനീഷിനേയും പ്രതിചേര്‍ത്തുകൊണ്ട് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. പട്ടയവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് സര്‍ക്കാര്‍ ഭൂമി ക്രോംപ്റ്റണ്‍ ഗ്രീവ് കമ്പനി ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് കൈമാറിയെന്ന കേസിലാണ് ഇരുവരെയും പ്രതി ചേര്‍ത്തത്.

2006 സെപ്തംബറില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് വസ്തു കൈമാറ്റം നടന്നത്. സാന്റിയാഗോ മാര്‍ട്ടിനും ക്രോംപ്ടണ്‍ ഗ്രീവ്‌സും തമ്മില്‍ നടന്ന ഇടപാടില്‍ പട്ടയവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് സര്‍ക്കാറിനെ തെറ്റായി അറിയിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സ്‌റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരം നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി. സാന്റിയാഗോ മാര്‍ട്ടിന്‍ ക്രോംപ്ട്ടണ്‍ ഗ്രേവ്‌സ് എം ഡി എന്നിവരും കേസില്‍ പ്രതികളാണ്.

Subscribe Us:

കൈമാറിയ 15.5 ഏക്കര്‍ സ്ഥലം ആലുവ നെടുമ്പാശേരി വില്ലേജിലെ അത്താണിയിലാണ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പത്തു കിലോമീറ്ററില്‍ താഴെ മാത്രം ദൂരമുളള സ്ഥലമാണിത്. ബള്‍ബും ഇലക്ട്രിക്ക് ഉത്പന്നങ്ങളും നിര്‍മ്മിക്കാനാണ് ക്രോംപ്ടണ്‍ ഗ്രീവ്‌സിന് 1985ല്‍ സര്‍ക്കാര്‍ ഈ സ്ഥലം പാട്ടത്തിന് നല്‍കിയത്. എന്നാല്‍ നഷ്ടത്തിന്റെ പേരില്‍ ഇവര്‍ പിന്നീട് ഫാക്ടറി അടച്ചു പൂട്ടി.

നായനാര്‍ സര്‍ക്കാറിന്റെ(1996-01) കാലത്ത് സുശീലഗോപാലന്‍ വ്യവസായമന്ത്രിയായിരുന്നപ്പോള്‍ ഫാക്ടറി പ്രവര്‍ത്തനക്ഷമമാക്കാന്‍ ചില ശ്രമം നടന്നു. വ്യവസായം തുടങ്ങാന്‍ തയ്യാറായി വന്ന ഏഴുപേരുടെ സംഘത്തിന് സര്‍ക്കാര്‍ 4.25കോടിക്ക് ഫാക്ടറിയും യന്ത്രവും കൈമാറാന്‍ തീരുമാനിച്ചു. ഇവര്‍ 175കോടിയുടെ വിശദമായ പദ്ധതി തയ്യാറാക്കി നല്‍കി. എന്നാല്‍ ക്രോംപ്ടണ്‍ ഗ്രീവ് സ്ഥലത്തിന്റെ രേഖകള്‍ സര്‍ക്കാറിന് കൈമാറാത്തതിനെ തുടര്‍ന്ന് പദ്ധതി പാതിയില്‍ മുടങ്ങി.

തുടര്‍ന്ന് സ്ഥലം വാങ്ങുന്നതിന് സാന്റിയാഗോ മാര്‍ട്ടിന്‍ ശ്രമം തുടങ്ങി. കൈവശവുളള രേഖകളുടെ ബലത്തില്‍ ക്രോംപ്ടണ്‍ ഗ്രേവ്‌സ് 7.5 കോടിക്ക് പാട്ടഭൂമി രഹസ്യമായി സാന്റിയാഗോ മാര്‍ട്ടിന് വിറ്റു. 2006 സെപ്തംബറില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് വസ്തു കൈമാറ്റം നടന്നത് .

ഇലക്ട്രിക്ക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായങ്ങള്‍ക്ക് മാത്രമേ ഭൂമി നല്‍കാവൂവെന്ന സര്‍ക്കാരിന്റെ പാട്ടക്കരാര്‍ വ്യവസ്ഥ തെറ്റിച്ചിട്ടാണ് വില്‍പന നടത്തിയതെന്ന് കാണിച്ച് ജോയി കൈതാരം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരനും എറണാകുളം ജില്ലാ കളക്ടറായിരുന്ന മുഹമ്മദ് ഹനീഷിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ പട്ടയവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നാണ് രണ്ട് ഉദ്യോഗസ്ഥരും അറിയിച്ചു.

തുടര്‍ന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയിലാണ് നിവേദിത പിഹരനേയും മുഹമ്മദ് ഹനീഷിനേയും പ്രതിചേര്‍ക്കാന്‍ ഉത്തരവുണ്ടായത്.