കൊച്ചി: വൃദ്ധയായ അമ്മയെ ചികിത്സ നിഷേധിച്ച് പീഡിപ്പിച്ചതിന് ടെലിവിഷന്‍ അവതാരകക്കെതിരെ പോലീസ് കേസെടുത്തു. ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടിയുടെ അവതാരകയായിരുന്ന ശബ്‌നത്തിനെതിരെയാണ് കേസ്. റിട്ട കോളജ് അധ്യാപിക ശ്യാമള കുമാരിയെ ആവശ്യമായ ചികിത്സ നല്‍കാതെ വീട്ടില്‍ ഉപേക്ഷിച്ചുവെന്നാണ് കേസ്. രക്ഷിതാക്കളുടെയും പ്രായമായവരുടെ ക്ഷേമ നിയമപ്രകാരമാണ് മകള്‍ക്കെതിരെ എറണാകുളം റൂറല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോമ അവസ്ഥയില്‍ വീട്ടിന്റെ മുകള്‍ നിലയില്‍ ഉറുമ്പരിച്ച് കഴിയുകയായിരുന്ന ശ്യാമള കുമാരിയെ പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ ഇവരുടെ ഭര്‍ത്താവ് കുറച്ച് മുമ്പ് മരിച്ചിരുന്നു.

മലയാളത്തിലെ പ്രമുഖ ചാനലില്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടി അവതരിപ്പിച്ചിരുന്നു ശബ്‌ന. അടുത്തിടെ ഇവര്‍ കൊച്ചിയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചിരുന്നു. വീട്ടിലെ പരിചാരികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോസ്ഥനായ നിഷാദ് ഇബ്രാഹീം പറഞ്ഞു. വൃദ്ധക്ക് മരുന്നു നല്‍കാന്‍ പോലും തന്നെ അനുവദിച്ചിരുന്നില്ലെന്ന് പരിചാരക പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.