ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ദീപാവലി ചിത്രം രാ വണിന്റെ പകര്‍പ്പവകാശത്തെ ചൊല്ലി നിയമയുദ്ധം. രാ വണ്‍ പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈ സ്വദേശിയായ ടെലിവിഷന്‍ എഴുത്തുകാരന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. എഴുത്തുകാരനായ യഷ് പട്‌നായികാണ് ഹരജിക്കാരന്‍.

രാ വണിന്റെ കഥയും കഥാപാത്രങ്ങളും തന്റേതാണെന്നാണ് യഷ് അവകാശപ്പെടുന്നത്. കഴിഞ്ഞ ഡിസംബര്‍ 2006ല്‍ താന്‍ രാ വണ്‍ എന്ന ചിത്രത്തിന്റെ കഥ തയ്യാറാക്കിയതാണ്. പ്രമേയം വികസിപ്പിച്ചെടുക്കാനായി സിനിമാരംഗത്തെ പല പ്രമുഖരുമായും സംസാരിച്ചിരുന്നു. മുഷ്താക് ഷെയ്ക്കുമായും ഈ കഥ ചര്‍ച്ച ചെയ്തിരുന്നു.

മുഷ്താക് ആണ് രാ വണിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. തന്റെ കഥയും കഥാപാത്രങ്ങളും ആണ് രാ വണ്‍ എന്ന ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് താന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് പട്‌നായിക് പറയുന്നു.

25 കോടി രൂപയും സിനിമയുടെ ലാഭത്തിന്റെ 10 ശതമാനവും തനിയ്ക്ക് നഷ്ടപരിഹാരമായി ലഭിയ്ക്കണമെന്നാണ് പട്‌നായികിന്റെ ആവശ്യം. അല്ലാത്ത പക്ഷം ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ രാ വണിന്റെ പ്രിന്റുകള്‍ തീയേറ്ററുകളില്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്നും ഇനി അത് റിലീസിന് മുന്‍പ് തിരിച്ചെടുക്കുന്നത് അസാധ്യമായ കാര്യമാണെന്നുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്.

രാ വണ്‍ ദീപാവലിക്ക് റിലീസ് ചെയ്യുക എന്ന ഉദ്ദേശത്തോടെ ചിത്രത്തിനുവേണ്ടി ക്യാംപെയിനിംങ് നടത്തുന്ന ഷാരൂഖ് ഖാന്‍ വലിയ തിരിച്ചടിയാവും ഈ വാര്‍ത്ത. ചിത്രം നിയമക്കുരുക്കില്‍പെടുകയാണെങ്കില്‍ ദീപാവലി റിലീസ് എന്നത് അസാധ്യമാകും.