കൊച്ചി: യേശുദേവന്റെ വികൃത ചിത്രം ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്തതിന് സൂര്യ ടിവിക്കെതിരെ ഏറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബി. വിജയനന്റെ ഉത്തരവ് പ്രകാരമാണ് പോലീസ് കേസെടുത്തത്. കൊച്ചിയിലെ സി.എം സുരേഷ് ബാബു അഭിഭാഷകരായ എസ്.രാജീവ്, ജോണ്‍ വര്‍ഗീസ് എന്നിവര്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

സൂര്യാടിവി മാനേജിംഗ് ഡയറക്ടര്‍ കലാനിധി മാരന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അജയ് വിദ്യാസാഗര്‍, ചീഫ് ഒഫ് ന്യൂസ് റോയിമാത്യു റിപ്പോര്‍ട്ടര്‍മാരായ ടിന്റോ വര്‍ക്കി, പ്രമോദ് ബാബു എന്നിവര്‍ക്കെതിരെയാണ് കേസ്. മതസ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിക്കുന്ന എന്ന ആരോപണമാണ് സൂര്യാ ടിവിയ്‌ക്കെതിരെ നല്‍കിയത്.

Subscribe Us:

കേരളകൗമുദി ആഴ്ചപ്പതിപ്പില്‍ തിരുവനന്തപുരം അതി രൂപതാ മെത്രാപ്പൊലീത്ത ഡോ.എം സൂസാപാക്യത്തിന്റെ ലേഖനത്തിനൊപ്പം പ്രസിദ്ധീകരിച്ച യേശുദേവന്റെ ചിത്രം വികലമാണെന്ന് സൂര്യാ ടിവി വാര്‍ത്തനല്‍കിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ പിഴവ് വന്നെന്ന് മനസിലാക്കിയ ശേഷം അത് തിരുത്തി ആഴ്ചപ്പതിപ്പ് വീണ്ടും അടിച്ചിരുന്നു. കൂടാതെ സാങ്കേതിക പിഴവ് മൂലമാണ് ഇത് സംബന്ധിച്ചതെന്ന് കേരളാ കൗമുദി മാനേജിങ് എഡിറ്റര്‍ പത്രത്തിലൂടെ അറിയിക്കുക്കയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത് തിരുത്തിയശേഷവും ചിത്രം ആവര്‍ത്തിച്ചുകാണിച്ചു എന്നതാണ് സൂര്യാടിവിയ്‌ക്കെതിരെ പരാതിനല്‍കാന്‍ കാരണം.