എഡിറ്റര്‍
എഡിറ്റര്‍
ബാച്ചിലര്‍ പാര്‍ട്ടി ഇന്റര്‍നെറ്റില്‍ കണ്ടവര്‍ക്കെതിരെ കേസ്
എഡിറ്റര്‍
Saturday 8th September 2012 12:56pm

തിരുവനന്തപുരം: ഇന്റര്‍നെറ്റില്‍ സിനിമ അപ്‌ലോഡ് ചെയ്തവര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് കണ്ടവര്‍ക്കുമെതിരെ കേസ്. അമല്‍നീരദ് സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്ത് കാണുകയും ചെയ്തവര്‍ക്കെതിരെയാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറ് പേര്‍ക്കെതിരെ ആന്റി പൈറസി സെല്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

Ads By Google

ജൂണിലാണ് അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി റിലീസ് ചെയ്തത്. ആഗസ്റ്റ് 19ന് ചിത്രത്തിന്റെ സി.ഡി പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ സി.ഡി പുറത്തിറങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു. ഇതിനെതിരെ ചിത്രത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയ വ്യക്തി പരാതി നല്‍കുകയായിരുന്നു.

1010 പേര്‍ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടതായി ആന്റി പൈറസി സെല്‍ കണ്ടെത്തിയിട്ടുണ്ട്. 1010 പേരുടെ പേര് വിവരവും ഇന്റര്‍നൈറ്റ് ഐഡിയും ആന്റി പൈറസി സെല്‍ ശേഖരിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയും കേസെടുക്കും. ഐ.ടി ആക്ട് കോപ്പി, റൈറ്റ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

12 പേരാണ് വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശമലയാളികളാണ് പ്രധാനമായും കേസില്‍ അകപ്പെടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാച്ചിലര്‍ പാര്‍ട്ടിക്ക് പുറമേ മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ മറ്റ് ചില സിനിമകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതായി ആന്റി പൈറസി സെല്‍ കണ്ടെത്തിയിട്ടുണ്ട്. ഏറണാകുളം ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി വികസിപ്പിച്ച ജാദു എന്ന പേരില്‍ പുതിയ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

ബാച്ചിലര്‍ പാര്‍ട്ടിക്ക് പുറമേ അടുത്തിടെ പുറത്തിറങ്ങിയ ഓര്‍ഡിനറി, ഗ്രാന്റ്മാസ്റ്റര്‍, മല്ലുസിങ്, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 33 ലക്ഷം പേരാണ് ഓര്‍ഡിനറി ഇന്റര്‍നെറ്റില്‍ കണ്ടത്. ഇവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് ആന്റി പൈറസി സെല്‍ എസ്.പി പറഞ്ഞു.

Advertisement