എഡിറ്റര്‍
എഡിറ്റര്‍
ബാര്‍ കോഴക്കേസ്: ശങ്കര്‍ റെഡ്ഢിക്കും സുകേശനുമെതിരെ അന്വേഷണം
എഡിറ്റര്‍
Friday 23rd September 2016 1:24pm

sukeshanreddy


ബാര്‍കോഴ കേസ് ഡയറി തിരുത്തി ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിച്ചുവെന്ന ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ഡയറി പരിശോധിച്ച കോടതി അട്ടിമറി നടന്നതിന് പ്രാഥമിക തെളിവുണ്ടെന്ന് വ്യക്തമാക്കി.


തിരുവനന്തപുരം: ബാര്‍കോഴ കേസ് അട്ടിമറിയില്‍ മുന്‍ വിജിലന്‍സ് എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കും എസ്.പി സുകേശനുമെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഇരുവര്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

കേസ് അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. 45 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ബാര്‍കോഴ കേസ് ഡയറി തിരുത്തി ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിച്ചുവെന്ന ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ഡയറി പരിശോധിച്ച കോടതി അട്ടിമറി നടന്നതിന് പ്രാഥമിക തെളിവുണ്ടെന്ന് വ്യക്തമാക്കി.

മാണിക്കെതിരായ തെളിവുകള്‍ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ശങ്കര്‍ റെഡ്ഢി മൂന്ന് കത്തുകള്‍ സുകേശന്  നല്‍കിയെന്ന കാര്യം കോടതിക്ക് ബോധ്യപ്പെട്ടു. 2015 ഡിസംബര്‍ 22,26 തീയതികളിലും 2016 ജനുവരി 11 നുമാണ് ശങ്കര്‍റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥന് കത്തയച്ചത്. ഇതില്‍ രണ്ടാമത്തെ കത്തില്‍ കേസിലെ മുഖ്യസാക്ഷിയായ ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി ഒഴിവാക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.

കേസ് ഡയറി തിരുത്തിയെന്നും, കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്നും തിരുവനന്തപുരം സ്വദേശിയായ നവാസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

കേസ് ഡയറിയില്‍ തിരുത്തലുകളുണ്ടെന്ന ഹര്‍ജിക്കാരന്റെ വാദം പരിഗണിച്ച കോടതി കേസ് ഡയറിയില്‍ ചില വെട്ടിതിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടന്നിട്ടുണ്ടെന്ന് നിരീക്ഷിച്ചു.

തിരുത്തല്‍ നടത്തിയെന്ന് ആരോപണം ഉയര്‍ന്ന എട്ട്, ഒമ്പത് വാല്യങ്ങളുടെ പകര്‍പ്പ് നല്‍കാന്‍ വിജിലന്‍സിനോട് കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ജഡ്ജ് എ ബദറുദ്ദീന്‍ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ചത്.

Advertisement