ബാഗ്ലൂര്‍: തെഹല്‍ക റിപ്പോര്‍ട്ടര്‍ ഷാഹിനയ്‌ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൂപ്പത്തിരണ്ടു സംഘടനകളുള്‍പ്പെട്ട ഒരു സംഘം കര്‍ണാടക സര്‍ക്കാരിന് മെമ്മോറാണ്ടം നല്‍കി. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായ അബ്ദുല്‍ നാസര്‍ മഅദനിയ്‌ക്കെതിരായ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഷാഹിനയ്‌ക്കെതിരെ കുടക് പോലീസ് കേസെടുത്തത്.

കേസിലെ സാക്ഷികളെ ഷാഹിന ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഇത് തെഹല്‍കയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനും അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്താനും ഇവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.’ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ഷാഹിനയ്ക്കും കൂടെ പോയ നാലുപേര്‍ക്കുമെതിരെയാണ് കുടക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സോംവാര്‍പെറ്റിലും സിഡാപൂരിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കുടക് പോലീസ് കേസെടുത്തിട്ടുള്ളത്.

തനിക്കെതിരെയുള്ള ഈ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഷാഹിന പറയുന്നത്. കുടകിലേക്ക് പോകുന്ന വഴി തീവ്രവാദിയാണെന്ന സംശയത്തില്‍ ഇവരെ പോലീസ് തടഞ്ഞിരുന്നു. പിന്നീട് തീവ്രവാദിയല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിട്ടയച്ചത്.