ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലിലേക്കു പോകുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് ശശികലയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി. എം.എല്‍.എമാരെ തടവില്‍വെച്ചതിനാണ് തമിഴ്‌നാട് പൊലീസ് കേസെടുത്തിരിക്കുന്നത്.

ശശികലയ്ക്കു പുറമേ കഴിഞ്ഞ ദിവസം എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട എടപ്പാടി പളനസ്വാമിയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.


Also Read: അത് എക്‌സിറ്റ് പോളല്ല: ബി.ജെ.പിയുടെ പെയ്ഡ് ന്യൂസ്: യു.പിയില്‍ ബി.ജെ.പി ജയിക്കുമെന്ന സര്‍വ്വേയെക്കുറിച്ച് വെളിപ്പെടുത്തി ദൈനിക് ജാഗരണ്‍ സി.ഇ.ഒ 


തടവില്‍പാര്‍പ്പിച്ചെന്നാരോപിച്ച് മധുര എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ കരുനീക്കങ്ങള്‍ക്ക് വിലങ്ങുതടിയായി കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം രംഗത്തെത്തിയതിനു പിന്നാലെയാണ് ശശികല തന്നെ പിന്തുണയ്ക്കുന്നവരെന്ന് അവകാശപ്പെട്ട 129 എം.എല്‍.എമാരെ കൂവത്തൂരിലെ റിസോര്‍ട്ടിലേക്കുമാറ്റിയത്.

ശശികല എം.എല്‍.എമാരെ തടവിലിട്ടിരിക്കുകയാണെന്ന് പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. ശശികലയുടെ തടവില്‍ നിന്നും ചില രക്ഷപ്പെട്ട് ചിലര്‍ പനീര്‍ശെല്‍വം ക്യാമ്പിലേക്കു വന്നിരുന്നു. ശശികല എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ചിലര്‍ മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

എന്നാല്‍ ആ സമയത്തൊന്നും ശശികലയ്‌ക്കെതിരെ യാതൊരു നടപടിയും വന്നിരുന്നില്ല. ഇപ്പോള്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല കോടതിയില്‍ കീഴടങ്ങാനിരിക്കെയാണ് അവര്‍ക്കെതിരെ മറ്റൊരു കേസു കൂടി വന്നിരിക്കുന്നത്.