എസ്. നന്ദ
തൃശൂര്‍: തൃശൂരില്‍ ഏതാനും മാസം മുമ്പ് അവസാനിച്ച സംസ്ഥാന അമേച്വര്‍ നാടകമത്സരത്തിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് നിയമവിരുദ്ധമായി. തൃശൂര്‍ സ്വദേശിയായ ശ്രീകുമാര്‍ വിവരാവകാശ നിയമപ്രകാരം നേടിയ റിപ്പോര്‍ട്ടിലാണ് അമേച്വര്‍ നാടകത്തില്‍ കേരള സംഗീത നാടക അക്കാദമി നിയമവിരുദ്ധമായി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതായി വ്യക്തമായത്.

Ads By Google

തൃശൂര്‍ കെ.ടി മുഹമ്മദ് സ്മാരകവേദി തിയേറ്ററില്‍ നടന്ന നാടകമത്സരത്തില്‍ ജൂറി അംഗങ്ങള്‍ നല്‍കിയ ലിസ്റ്റ്പ്രകാരമല്ല അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ കോടതി വിധിയോടെ എത്തിയ കോഴിക്കോട് റെപ്പട്രി തിയേറ്ററിന്റെ ‘ചോര ശാസ്ത്രം’ എന്ന നാടകത്തില്‍ ‘ഘടന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കരുണാകരന് വിധികര്‍ത്താക്കള്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അക്കാദമി പ്രഖ്യാപിച്ച അവാര്‍ഡ് പട്ടികയില്‍ നിന്നും കരുണാകരന്റെ പേര് അപ്രത്യക്ഷമായി. മേഖല മത്സരത്തില്‍ അയോഗ്യരായ വിധികര്‍ത്താക്കളെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് പ്രത്യേക കോടതി വിധിയിലാണ് ചോര ശാസ്ത്രം മത്സരത്തിനെത്തിയത്.

അക്കാദമിയുടെ സ്വജനപക്ഷപാതത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചതിനുള്ള പ്രതികാര നടപടിയാണ് അക്കാദമിയുടെ നീക്കമെന്ന് നാടകത്തിന്റെ സംവിധായകന്‍ എ.ശാന്തകുമാര്‍ ആരോപിച്ചു.

മത്സരത്തില്‍ തന്റെ നാടത്തിന് ലഭിച്ച ഒരു ലക്ഷം രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശാന്തകുമാര്‍ പറഞ്ഞു. മത്സരത്തില്‍ മികച്ച നാടകങ്ങള്‍ക്കുള്ള പുരസ്‌കാരം നല്‍കാതെ പ്രോത്സാഹന സമ്മാനങ്ങള്‍ മാത്രമാണ് ഇത്തവണ അക്കാദമി പ്രഖ്യാപിച്ചത്.

ഇതിനെതിരെ നാടകപ്രവര്‍ത്തകരും അക്കാദമിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ അവസരത്തിലാണ് വിധികര്‍ത്താക്കളുടെ തീരുമാനത്തെ മറികടന്ന് അക്കാദമി സ്വന്തം നിലക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.