Categories

വെടിവെച്ച സംഭവം; റിട്ട. കേണലിനെതിരെ വധശ്രമത്തിന് കേസ്

pistol

തിരുവനന്തപുരം: വലിയവിളയില്‍ റിട്ട. കേണലിന്റെ വെടിയേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കേണലിനെതിരേ വധശ്രമത്തിന് കേസെടുത്തു.

വധശ്രമം, അനധികൃതമായി ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

റിട്ട.കേണല്‍ വലിയവിള സ്വദേശി ബെര്‍ളിനെതിരെയാണ് കേസെടുത്തത്. മ്യൂസിയം സി.ഐക്കാണ് അന്വേഷണച്ചുമതല. കേണലിനെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി വെങ്കിടേശ്വര റാവു, മനോജ് എന്നിവര്‍ക്കായിരുന്നു കേണലിന്റെ വെടിയേറ്റ് പരിക്ക് പറ്റിയത്.

ബെര്‍ലിന്‍ സഞ്ചരിച്ച കാര്‍ ഒരു ഓട്ടോറിക്ഷയ്ക്ക് വഴികൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് വെടിവെച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് അടിന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.

അതേസമയം കേണലിന്റെ തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. തോക്കിന് ലൈസന്‍സ് ഇല്ലെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.

പാങ്ങോട് സൈനിക ക്യാംപില്‍ നിന്നാണ് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കേണല്‍ ഇതിനു മുന്‍പും നാട്ടുകാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നതായി സൂചനകളുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് വലിയവിളയില്‍ സി.പി.ഐ.എം ഹര്‍ത്താല്‍ നടത്തുകയാണ്. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

സംഭവസ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.