എഡിറ്റര്‍
എഡിറ്റര്‍
പാക് മുന്‍പ്രധാനമന്ത്രി രാജാ പര്‍വേസിനെതിരെ 2200 കോടിയുടെ അഴിമതിക്കേസ്
എഡിറ്റര്‍
Saturday 18th January 2014 12:45am

raja-parvez-ashraf

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ രാജാ പര്‍വേസ് അഷറഫിനെതിരെ 2200 കോടി രൂപയുടെ അഴിമതിക്കേസ്.

വൈദ്യുതി പദ്ധതികള്‍ വാടകയ്ക്ക് നല്‍കുന്നതിന് കോഴവാങ്ങിയെന്നാണ് കേസ്.

ആരോപണത്തെ തുടര്‍ന്ന് സംഭവം അന്വേഷിച്ച നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി) വന്‍ അഴിമതി നടന്നതായി കണ്ടെത്തി. കോഴപ്പണമായി ലഭിച്ച 1300 കോടി രൂപ എന്‍.എ.ബി. കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

2008ല്‍ രാജ്യം കടുത്ത ഊര്‍ജപ്രതിസന്ധിയിലകപ്പെട്ട സാഹചര്യത്തിലാണ് ഒന്‍പത് കമ്പനികള്‍ക്കായി വൈദ്യുതി പദ്ധതികള്‍ പര്‍വേസ് അഷറഫ് വാടകയ്ക്ക് നല്‍കിയത്.

കരാര്‍ ഒപ്പുവെക്കുമ്പോള്‍ പര്‍വേസ് അഷറഫ് ആയിരുന്നു വൈദ്യുതിമന്ത്രി. അഴിമതിയുള്‍പ്പെടെ മൂന്ന് കേസുകളാണ് രാജാ പര്‍വേസ് അഷറഫിനെതിരെ ചുമത്തിയിരിക്കുന്നത്.

അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന അക്കൗണ്ടബിലിറ്റി കോടതിയാണ് അഷറഫ് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കുറ്റം ചുമത്തിയത്.

ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പര്‍വേസ് അഷറഫ് ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളും കുറ്റം നിഷേധിച്ചിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ വ്യക്തിഹത്യ നടത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അഷറഫ് പിന്നീട് പ്രതികരിച്ചു.

Advertisement