ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വ്യാജ മാനഭംഗക്കേസ് സംബന്ധിച്ച ഹരജി പരിഗണിക്കുന്നതില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി അനാവശ്യ താത്പര്യവും ധൃതിയും കാണിച്ചുവെന്ന് പ്രമുഖ അഭിഭാഷക കാമിനി ജയ്‌സ്വള്‍ കുറ്റപ്പെടുത്തി.

രാഹുലിനെതിരെ വ്യാജപരാതി നല്‍കിയയാളെ തൂക്കിലേറ്റുമെന്ന് വിചാരണവേളയില്‍ ജഡ്ജി തുറന്ന കോടതിയില്‍ അഭിപ്രായപ്രകടനം നടത്തിയെന്നും അവര്‍ ആരോപിച്ചു. ജഡ്ജിമാര്‍ക്കെതിരെ ഹരജിയിലുന്നയിക്കാത്ത കാര്യങ്ങള്‍ ഉന്നയിച്ചതിന് അഡ്വ.കാമിനിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.

Ads By Google

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഹരജി സമര്‍പ്പിച്ചതിന് പിന്നില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ആണെന്ന് കാമിനി നേരത്തെ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

അമേഠി സ്വദേശിനിയായ പെണ്‍കുട്ടിയെ രാഹുല്‍ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് 2011 ല്‍ അലഹബാദ് ഹൈക്കോടതിയില്‍ കിഷോര്‍ സമദ് എന്നയാള്‍ സമര്‍പ്പിച്ച ഹരജിയുമായി ബന്ധപ്പെട്ടാണ് കാമിനി ആരോപണമുന്നയിച്ചത്. ഹരജിയിലെ ആരോപണങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയ ഹൈക്കോടതി വ്യാജ ആരോപണമുന്നയിച്ചതിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. ഇതിനെതിരെ സമൃത് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

കേസിന്റെ വാദം കേള്‍ക്കലിന്റെ ഒരു ഘട്ടത്തില്‍ ജഡ്ജിമാരിലൊരാള്‍ തന്റെ കക്ഷിയെ തൂക്കിക്കൊല്ലുമെന്ന് പറഞ്ഞുവെന്നും കാമിനി ആരോപിച്ചു.  തുറന്ന കോടതിയില്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്ന് കാമിനി കൂട്ടിച്ചേര്‍ത്തതോടെ സുപ്രീം കോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

ജഡ്ജിമാരെ കുറിച്ച് അന്വേഷിക്കുകയല്ല കോടതിക്ക് മുന്നിലുള്ള കര്‍ത്തവ്യമെന്ന് ജസ്റ്റിസ് ബി.എസ് ചൗഹാന്‍ ഓര്‍മിപ്പിച്ചു.