എഡിറ്റര്‍
എഡിറ്റര്‍
എം.എം മണിയ്‌ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ നിയമവിരുദ്ധം: പിണറായി
എഡിറ്റര്‍
Thursday 14th June 2012 3:02pm

തൊടുപുഴ: വിവാദ പ്രസംഗത്തിന്റെ പേരില്‍ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിക്കെതിരേ എടുത്തിട്ടുള്ള കേസുകള്‍ നിയമവിരുദ്ധമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

തൊടുപുഴയില്‍ സി.പി.ഐ.എം നടത്തിയ ഡി.വൈ.എസ്.പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞിട്ടുള്ള കേസുകളില്‍ തുടരന്വേഷണം നടത്താന്‍ പാടില്ലെന്ന് വിധിയുണ്ടെന്നും ഇതിന്റെ ലംഘനമാണ് മണിക്കെതിരായ കേസെന്നും പിണറായി പറഞ്ഞു.

കൊലക്കുറ്റത്തിനുള്ള 302-ാം വകുപ്പ് ചുമത്താന്‍ മണി ആരെയാണ് കൊന്നതെന്നും പിണറായി ചോദിച്ചു. സാധാരണഗതിയില്‍ അതാതു സ്ഥലത്തെ പോലീസ് ഓഫീസര്‍മാരാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ഇതില്‍ പോലീസ് ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി സര്‍ക്കാരിലെ ഉന്നതരുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി മണി അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.

ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും ഇടുക്കിയില്‍ പ്രത്യേക താല്‍പര്യമുണ്ട്. എന്നാല്‍ പോലീസ് ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും സ്വകാര്യ സ്വത്തല്ല. കൊലയാളികളെ സംരക്ഷിക്കുന്നത് യു.ഡി.എഫ് ആണ്.

കൊലയാളികള്‍ക്ക് പ്രേരണ നല്‍കുന്ന വിധത്തിലായിരുന്നു പി.കെ ബഷീര്‍ എം.എല്‍.എയുടെ പ്രസംഗമെന്ന് അദ്ദേഹം പറഞ്ഞു. അതിനു ശേഷമാണ് മലപ്പുറത്ത് ഇരട്ടക്കൊല നടന്നത്. കാലാകാലമായി യു.ഡി.എഫ് സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കുകയാണെന്നും പിണറായി ആരോപിച്ചു.

ഇരുട്ടിന്റെ മറവിലാണ് അനീഷ് രാജിനെ കൊലപ്പെടുത്തിയത്. ശരിയായ രീതിയില്‍ അന്വേഷണം നടത്തി കൊലയാളി സംഘത്തെ അറസ്റ്റു ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ ചെവി കൊണ്ടില്ല. സി.പി.ഐ.എം പ്രവര്‍ത്തകനായ അനീഷ് രാജ് കൊല്ലപ്പെട്ടതില്‍ അമ്മക്ക് മനോവേദനയുണ്ടാകേണ്ടതില്ലെന്നാണ് ചില മാധ്യമങ്ങളുടെ നിലപാട്- പിണറായി പറഞ്ഞു.

Advertisement