എഡിറ്റര്‍
എഡിറ്റര്‍
പിതാവിന് ജീവനാംശ തുക നല്‍കി: ലിസിക്കെതിരായ നടപടി കോടതി അവസാനിപ്പിച്ചു
എഡിറ്റര്‍
Friday 16th November 2012 4:16pm

കൊച്ചി: സിനിമാ താരം ലിസി പ്രിയദര്‍ശനെതിരായ കോടതിയലക്ഷ്യ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. പിതാവിന് നല്‍കാനുള്ള ജീവനാംശ തുക കോടതിയില്‍ കെട്ടിവെച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ബി.പി.റേ നടപടികള്‍ അവസാനിപ്പിച്ചത്.

ലിസി നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്കിയിരുന്നെങ്കിലും ലിസി കോടതിയിലെത്തിയിരുന്നില്ല. തുടര്‍ന്ന് രൂക്ഷവിമര്‍ശനമായിരുന്നു താരം നേരിടേണ്ടി വന്നത്.

Ads By Google

ഇന്ന് വീണ്ടും ഹരജി പരിഗണിക്കവേ കോടതിയലക്ഷ്യ നടപടികള്‍ എടുക്കേണ്ടതില്ലെന്നും കോടതി മുമ്പ് ഉത്തരവ് നല്കിയ പ്രകാരമുള്ള തുക കെട്ടിവച്ചിട്ടുണ്ടെന്നും ലിസിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ലിസി ഇന്നും കോടതിയില്‍ എത്തിയിരുന്നില്ല.

തന്റെ മകളാണ് ലിസിയെന്നും തനിക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും കാണിച്ച് എന്‍.ഡി.വര്‍ക്കി നേരത്തെ കീഴ്‌ക്കോടതിയില്‍ പരാതി നല്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പിതാവിന് ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതി ഉത്തരവിട്ടു. ഇതിനെതിരെ ലിസി ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി തുക അടയ്ക്കാനും അതിന് ശേഷം കേസ് തുടരാമെന്നും ഉത്തരവ്  നല്കി.

ഈ ഉത്തരവ്  നിലനില്‍ക്കെ ലിസി അപ്പലേറ്റ് അഥോറിറ്റിയായ കളക്ടര്‍ക്ക് അപേക്ഷ നല്കുകയും കീഴ്‌ക്കോടതി ഉത്തരവിന് സ്‌റ്റേ സമ്പാദിക്കുകയും ചെയ്തു.

ഹൈക്കോടതി പരിഗണനയിലുള്ള കേസില്‍ കളക്ടര്‍ നല്കിയ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഈ നീക്കം കോടതിയലക്ഷ്യമാണെന്നും കാണിച്ച് എന്‍.ഡി. വര്‍ക്കി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയിലാണ് പുതിയ തീരുമാനം.

പിതാവാണെന്ന് അവകാശപ്പെട്ട് എത്തിയിട്ടുള്ള എന്‍.ഡി വര്‍ക്കിയെ അറിയില്ലെന്നും താനും അമ്മയും വര്‍ഷങ്ങളോളം ആരുടേയും സഹായമില്ലാതെയാണ് ജീവിച്ചതെന്നും ലിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

തന്റെ മാമോദീസ ചടങ്ങിന്റെ രേഖകളിലോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലോ പാസ്‌പോര്‍ട്ട് രേഖകളിലോ വര്‍ക്കി പിതാവാണെന്നതിന് തെളിവില്ലെന്നും 30 വര്‍ഷത്തിലേറെയായി ഓമന എന്ന സ്ത്രീയ്‌ക്കൊപ്പമാണ് ഇയാളെന്നും ജീവിക്കാന്‍ ആവശ്യമായ സ്വത്തും വരുമാനവുമുണ്ടെന്നും ലിസി കോടതിയെ അറിയിച്ചിരുന്നു.

Advertisement