കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.


Also read ‘ ഒറ്റയ്ക്ക് താമസിക്കുന്നു, വഴിവിട്ട രീതിയില്‍ പണം സമ്പാദിക്കുന്നു’; ബോളിവുഡ് നടി നിധി അഗര്‍വാളിനെതിരെ സദാചാര ആക്രമണം; ഫ്‌ളാറ്റില്‍ നിന്നും ഇറക്കി വിട്ടു


വ്യാജ വീഡിയോ പ്രചരിപ്പിച്ച് സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി ഐ.പി.സി 153 (എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ കൊലപാതകത്തിന് പിന്നാലെയാണ് ബിജുവിനെ വധിച്ചതില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കണ്ണൂരില്‍ ആഹ്ലാദ പ്രകടനം നടത്തുന്നു എന്ന പേരില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുമ്മനം വീഡിയോ പോസ്റ്റ് ചെയ്തത്.

എന്നാല്‍ ഇത്തരം പ്രകടനം നടന്നിട്ടില്ലെന്നും എവിടെ നടന്നതാണെന്ന് കുമ്മനം വ്യക്തമാക്കണമെന്നും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ആഹ്ലാദ പ്രകടനം നടന്നിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

കുമ്മനം പ്രചരിപ്പിച്ച വീഡിയോ പാപ്പിനിശേരിയില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിന് ശേഷമുണ്ടായ ആഹ്ലാദ പ്രകടനമാണെന്നാണ് പൊലീസ് പറയുന്നത്. കുമ്മനത്തിന്റെ പോസ്റ്റിനെതിരെ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


Dont miss  ‘ഒരു പന ഉണ്ടായിരുന്നെങ്കില്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ വീടിന്റെ മുകളിലെ നിലയില്‍ എത്താമായിരുന്നു’; ഐ.സി.യുവിലെ ട്രോള്‍ താരമായി ബാഹുബലിയിലെ ‘റബ്ബര്‍ പന’


ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നുവെന്ന പേരില്‍ കുമ്മനം വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നും ഇതുവഴി ആര്‍.എസ്.എസും സി.പി.ഐ.എമ്മും തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. അഞ്ച് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുമ്മനത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോ നിയമവിരുദ്ധമാണെന്നും ആവശ്യമാണെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ പരാതി നല്‍കുന്നത്.

എന്നാല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ യഥാര്‍ത്ഥമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കുമ്മനം രാജശേഖരന്‍. കേസെടുക്കുന്നതില്‍ ഭയമില്ലെന്നും ജയിലില്‍ പോകാനും തയ്യാറാണെന്നും കുമ്മനം നേരത്തെ പറഞ്ഞിരുന്നു.